| Thursday, 5th March 2026, 2:00 pm

ഇത് രണ്ടാം സെമി ഫൈനലിന്റെ ചരിത്രം; ഇന്ന് വിജയിക്കുന്നവര്‍ക്ക് ലോകകപ്പ്

ആദർശ് എം.കെ.

ഐ.സി.സി ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടും.

സൂപ്പര്‍ 8 ഗ്രൂപ്പ് 1ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഹൈ പ്രഷര്‍ ഗെയ്മില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ടിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരശേഷം സഞ്ജു സാംസണ്‍

മറുവശത്ത് അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെതിരെ പരാജയപ്പെട്ടെങ്കിലും, സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഹാരി ബ്രൂക്കും സംഘവും സെമിയിലേക്ക് കുതിച്ചത്.

ഇംഗ്ലണ്ട്

ലോകകപ്പിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ രണ്ടാം സെമി ഫൈനല്‍ വിജയിക്കുന്ന ടീമുകളാണ് കിരീടമുയര്‍ത്തിയിട്ടുള്ളതെന്ന് കാണാം. 2016 മുതലാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.

2016ല്‍ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ചുകളിലൊന്നില്‍ മര്‍ലണ്‍ സാമുവല്‍സിന്റെയും കാര്‍ലോസ് ബ്രാത്‌വെയ്റ്റും കരുത്തില്‍ വിന്‍ഡീസ് കിരീടമണിഞ്ഞു.

2016 ലോകകപ്പുമായി വെസ്റ്റ് ഇന്‍ഡീസ്

2021ല്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ആദ്യ സെമിയിലും പാകിസ്ഥാനും ഓസ്‌ട്രേലിയയും രണ്ടാം സെമിയിലും ഏറ്റുമുട്ടുകയും ആദ്യ സെമിയില്‍ കിവികളും രണ്ടാം സെമിയില്‍ കങ്കാരുക്കളും വിജയം സ്വന്തമാക്കുകയും ചെയ്തു. ദുബായില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടാം സെമിയിലെ ജേതാക്കളായ ഓസീസ് എട്ട് വിക്കറ്റിന് വിജയിച്ചു. ഇതോടെ പുരുഷ ക്രിക്കറ്റിലെ ഏല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ഏക ടീമായും ഓസ്‌ട്രേലിയ മാറി.

2016 ചാമ്പ്യന്‍മാര്‍

2022ല്‍ രണ്ടാം സെമിയില്‍ നിന്നും ഫൈനലിലെത്തിയാണ് ഇംഗ്ലണ്ട് കിരീടമണിഞ്ഞത്. ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡും പാകിസ്ഥാനുമേറ്റുമുട്ടിയപ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടു. ഇന്ത്യയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് രണ്ടാം കിരീടമണിയുകയും ചെയ്തു.

കിരീടവുമായി ഇംഗ്ലണ്ട്

2024 ലോകകപ്പ് നേടിയ ഇന്ത്യയും രണ്ടാം സെമി ഫൈനലില്‍ വിജയിച്ചാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അഫ്ഗാനിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക ആദ്യ സെമിയില്‍ പ്രോട്ടിയാസ് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

2022 സെമി ഫൈനലിലേറ്റ തോല്‍വിക്ക് തൊട്ടടുത്ത സെമി ഫൈനലില്‍ ഇന്ത്യ പകരം വീട്ടുകയും ചെയ്തു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് രണ്ടാം കിരീടവും സ്വന്തമാക്കി.

2024 ലോകകപ്പ് ചാമ്പ്യന്‍മാര്‍

ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം സെമിയില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ നേരിടുകയാണ്. ചരിത്രം ആവര്‍ത്തിച്ചാല്‍ ഇന്നത്തെ വിജയികള്‍ തന്നെയാകും മാര്‍ച്ച് എട്ടിനും കപ്പുയര്‍ത്തുക.

Content Highlight: In the last four World Cups, the team that wins the second semi-final has been crowned champions.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more