ഓപ്പണിങ് കൂട്ടുകെട്ടില്‍ റണ്‍സ് പടുത്തുയര്‍ത്താന്‍ സാധിക്കാത്ത ടീം, 2026 ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച മോശം പട്ടങ്ങളിലൊന്നാണിത്. ഏറെ കാലമായി പിന്തുടരുന്ന ഓപ്പണിങ്ങിലെ ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ നിന്നും മാറി രണ്ട് ഇടംകയ്യന്‍മാരെ കളത്തിലിറക്കിവിട്ട പരീക്ഷണം ആദ്യ മത്സരം മുതല്‍ പാളിയെങ്കിലും സൂപ്പര്‍ 8ലും അതേ രീതി തന്നെയാണ് ഇന്ത്യ അവലംബിക്കുന്നത് എന്നതാണ് ആരാധകരില്‍ ഇപ്പോഴും ആശങ്കയുണര്‍ത്തുന്നത്.
ഇഷാന്‍ കിഷന്‍ – അഭിഷേക് ശര്‍മ ഓപ്പണിങ് ജോഡിക്ക് ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചില്ല. കളിച്ച നാലില്‍ നാല് മത്സരത്തിലും ഓപ്പണിങ് കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടിരുന്നു.
ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും മത്സരത്തിനിടെ
അഭിഷേകിന്റെ അനാരോഗ്യം കാരണം നമീബിയക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ലോകകപ്പില്‍ ഇന്ത്യ ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ കളത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഏക മത്സരം.
സഞ്ജു സാംസണ്‍. Photo: BCCI
ഈ മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഒന്നാം വിക്കറ്റില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ! എങ്കില്‍ വിശ്വസിച്ചേ മതിയാകൂ, ഈ മത്സരത്തിലൊഴികെ ഇന്ത്യയുടെ ഓപ്പണിങ് ജോഡി പത്ത് റണ്‍സ് തികച്ചിട്ടില്ല.
സഞ്ജു കളത്തിലിറങ്ങാതിരുന്ന നാലില്‍ നാല് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്നില്‍ മൂന്ന് മത്സരത്തിലും അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍, സൂപ്പര്‍ 8ല്‍ ഇഷാന്‍ കിഷനും പൂജ്യത്തിന് മടങ്ങി.
അഭിഷേക് ശര്‍മ. Photo: ESPN
നെതര്‍ലന്‍ഡ്സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സൗത്ത് ആഫ്രിക്കയ്ക്കെതിരെ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തിലും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍, പാകിസ്ഥാനെതിരെ ഒരു റണ്‍സ് നേടി നില്‍ക്കവെയും യു.എസ്.എയ്ക്കെതിരെ എട്ട് റണ്‍സുള്ളപ്പോഴും ആദ്യ വിക്കറ്റ് വീണു. 25 റണ്‍സാണ് നമീബിയക്കെതിരായ മത്സരത്തിലെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്.
ലോകകപ്പിലെ ഏറ്റവും മോശം ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ആവറേജും ഇന്ത്യയുടെ പേരിലാണ്. 6.80 മാത്രമാണ് ഇന്ത്യയുടെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ശരാശരി. ഈ ലോകകപ്പിന്റെ ഭാഗമായ 20 ടീമുകളില്‍ ഇറ്റലിക്കും നേപ്പാളിനും നമീബിയക്കും കീഴില്‍ 20ാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരത്തില്‍ നിന്നുമായി വെറും 34 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.
ഇന്ത്യ
അതേസമയം, സൂപ്പര്‍ 8ല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ആദ്യ മത്സരം പരാജയപ്പെട്ടതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരവും ഇന്ത്യയുടെ സെമി പ്രവേശത്തില്‍ നിര്‍ണായകമായിരിക്കും.
നാളെയാണ് (ഫെബ്രുവരി 26) ഇന്ത്യയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ് വേയാണ് എതിരാളികള്‍. ഇന്ത്യയെ പോലെ സിംബാബ്‌വേയും സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഗംഭീര പരാജയമേറ്റുവാങ്ങിയിരുന്നു.
Content Highlight: In the four matches in the World Cup where Ishan Kishan and Abhishek Sharma opened the innings, India have failed to achieve double figures in their opening partnership.