| Thursday, 15th May 2025, 1:26 pm

കമ്മിറ്റിയിലുണ്ട്, പോസ്റ്ററിലില്ല; മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ വനിതകളുടെ ഫോട്ടോ പോസ്റ്ററിലില്ലാത്തതില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ രണ്ട് വനിതകളെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഔദ്യോഗിക പോസ്റ്ററില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററിനെതിരെയാണ് വിമര്‍ശനം.

തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരായ ഭാരവാഹികളുടെ ചിത്രങ്ങളോടൊപ്പം പോസ്റ്ററിന്റെ താഴെയായി വായിക്കാന്‍ പറ്റാത്ത രീതിയിലാണ് വനിതകളുടെ പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കേരള സ്റ്റേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശനം.

വനിതാപ്രാതിനിധ്യം ഉറപ്പാക്കിയെന്ന് പ്രഖ്യാപിക്കുമ്പോഴും പോസ്റ്ററില്‍ പേരുപോലും തെളിഞ്ഞ് കാണിക്കാത്ത മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ ഉയരുന്നത്.

വനിത പ്രാതിനിധ്യം ഉണ്ടെന്ന് പറയുമ്പോഴും അവരുടെ ഫോട്ടോ വെക്കാന്‍ പാടില്ലെന്നുണ്ടോയെന്നും ചരിത്രത്തില്‍ വനിതകള്‍ക്ക് ലീഗ് ആദ്യമായി കമ്മിറ്റിയില്‍ സ്ഥാനം കൊടുത്തുവെന്നും എന്നാല്‍ പോസ്റ്ററില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റിനടിയില്‍ കമന്റുകളുയരുന്നുണ്ട്.

ഇന്ന് ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് മുസ്‌ലിം ലീഗിന്റെ ദേശീയകമ്മിറ്റിയിലേക്ക് രണ്ട് വനിതകളെ തെരഞ്ഞെടുത്തത്. കേരള ദളിത് മുസ്‌ലിം ലീഗിലെ ജയന്തി രാജനും തമിഴ്‌നാട്ടിലെ ഫാത്തിമ മുസഫറിനെയുമാണ് തെരഞ്ഞെടുത്തത്. ഭാരവാഹികളെ അറിയിക്കുന്ന പോസ്റ്ററിലാണ് ഇവരുടെ ചിത്രം ഉള്‍പ്പെടുത്താത്തത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇതേ പേജില്‍ തന്നെ വനിതകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്റ്ററും അപലോഡ് ചെയ്തിട്ടുണ്ട്.

Content Highlight: In the committee, not in the poster; Criticism over the absence of photos of women included in the Muslim League national committee in the poster

We use cookies to give you the best possible experience. Learn more