| Wednesday, 22nd June 2016, 9:46 am

ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ: പി.എസ്.എല്‍.വി സി 34 വിക്ഷേപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: പി.എസ്.എല്‍.വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചു. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്2 സി ഉള്‍പ്പെടെയുള്ള  20 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി 34ന്റെ ചരിത്രയാത്ര.

ഇന്ന് രാവിലെ 9.26 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നാണ് പി.എസ്.എല്‍.വി സി 34 ബഹിരാകാശത്തേക്ക് കുതിച്ചത്. 48 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനുശേഷമാണ് വിക്ഷേപണം നടന്നത്.

കാര്‍ട്ടോസാറ്റ് 2സിക്കൊപ്പം പുണെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്നുള്ള “സ്വയം”, ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍നിന്നുള്ള “സത്യഭാമ സാറ്റ്” എന്നിവയുടെയും യു.എസ്.എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണമാണ് നടന്നത്.

ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശവാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്‌ളിന്റെ (പി.എസ്.എല്‍.വി) 36ാമത്തെ ദൗത്യമാണിത്. തിങ്കളാഴ്ച രാവിലെ 9.26ന് കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു.

505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്കയക്കുന്നത്.

ദൗത്യം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു.

We use cookies to give you the best possible experience. Learn more