| Tuesday, 11th September 2018, 3:23 pm

അഖ്‌ലക് കൊലപാതകം കുത്തിപ്പൊക്കിയതുകൊണ്ടൊന്നും കാര്യമില്ല; തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ രണ്ട് വര്‍ഷമായി പശുക്കടത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്ന രാജ്സ്ഥാനില്‍ വെച്ചായിരുന്നു അമിത് ഷായുടെ ആത്മവിശ്വാസം നിറയുന്ന വാക്കുകള്‍.

ദാദ്രി കൊലപാതകത്തെ കുറിച്ച് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പി വിജയിച്ചിട്ടുണ്ടെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

എന്നൊക്കെ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം ചിലര്‍ അഖ്‌ലക് കൊലപാതകവും അവാര്‍ഡ് തിരിച്ചുതരലും എല്ലാം വീണ്ടും എടുത്തിടും. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ വിജയിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴും ഞാന്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ തന്നെ വിജയിക്കും. – ജയ്പൂരില്‍ നടന്ന മീറ്റിങ്ങിനിടെ അമിത് ഷാ പറഞ്ഞു.


വത്തിക്കാന്‍ അടിയന്തരമായി ഇടപെടണം; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്


2015 സെപ്റ്റംബറിലായിരുന്നു മുഹമ്മദ് അഖ്‌ലഖ് എന്നയാളെ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ വലിയ ജനകീയ രോഷമുടലെടുക്കുകയും ബി.ജെ.പി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായിരുന്നു വിജയം.

പോയവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. ഇതില്‍ മിക്കതും പശുക്കടത്ത് ആരോപിച്ചുള്ളതായിരുന്നു.

ഹരിയാന സ്വദേശിയായ രഖ്ബാര്‍ ഖാനെ ആല്‍വാറില്‍വെച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത് പശുക്കടത്ത് ആരോപിച്ചായിരുന്നു. 55 കാരനായ ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാന്റെ മരണവും ആള്‍ക്കൂട്ട കൊലപാതകമായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ശംഭുലാല്‍ എന്ന ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലീം യുവാവിനെ പരസ്യമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവവും രാജസ്ഥാനില്‍ തന്നെയായിരുന്നു.

ഇത്തരത്തില്‍ രാജസ്ഥാനില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള വസുന്ധരരാജ സര്‍ക്കാരിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നുകൊണ്ടിരിക്കെയാണ്
എന്തുസംഭവിച്ചാലും തങ്ങള്‍ തന്നെ ഇവിടെ വിജയിച്ചിരിക്കുമെന്ന ഉറച്ച നിലപാടുമായി അമിത്ഷാ രംഗത്തെത്തുന്നത്. വരുന്ന 50 വര്‍ഷത്തേക്ക് ബി.ജെ.പിയെ തൊടാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ച ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവിനിടെ അമിത് ഷാ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more