| Monday, 2nd June 2025, 3:26 pm

പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മീഷന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടൂര്‍: പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം.

മനുഷ്യാവകാശ കമ്മീഷനും സി.ഡബ്ലിയു.സിയ്ക്കുമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഉച്ച വരെ കുട്ടിയെ ക്ലാസില്‍ കയറ്റിയില്ലെന്നാണ് പരാതി.

ഇന്ന് (തിങ്കള്‍) രാവിലെ അച്ഛനാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടത്. തുടര്‍ന്ന് അദ്ദേഹം ജോലിക്ക് പോകുകയും ചെയ്തു.

പിന്നീട് ജോലിക്കിടെ സ്‌കൂളില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ക്ലാസില്‍ കയറ്റില്ലെന്ന് അച്ഛനെ അറിയിക്കുകയുമായിരുന്നു.

ഇതിനുപിന്നാലെയാണ് കുട്ടിയുടെ അച്ഛന് സ്‌കൂളിലെത്തുന്നത്. തുടര്‍ന്നാണ് കുട്ടിയെ ഉച്ച വരെ ക്ലാസില്‍ കയറ്റിയില്ലെന്ന വിവരം കുടുംബം അറിയുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി.

സംഭവം വിവാദമായതോടെ പിഴവ് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് സ്‌കൂള്‍ മാനേജ്മന്റ് പ്രതികരിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. സ്‌കൂളുമായുള്ള പ്രശ്‌നം പരിഹരിച്ചതായും പരാതി പിന്‍വലിക്കുമെന്നും കുട്ടിയുടെ അച്ഛന്‍ സുരേഷും പ്രതികരിച്ചു.

Content Highlight: In Pathanamthitta, a student was not allowed to attend class because he was accused of cutting his hair incorrectly

We use cookies to give you the best possible experience. Learn more