| Tuesday, 6th January 2026, 9:29 pm

ഇതിഹാസമടക്കം അഞ്ച് പേര്‍!! കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ തെറിച്ചത്; ചെകുത്താന്‍മാരുടെ രക്ഷകന്‍ ഇനിയാര്?

ആദര്‍ശ് എം.കെ.

കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ പ്രധാന പരിശീലകനായ റൂബന്‍ അമോറിമിനെ പുറത്താക്കിയത്. യുണൈറ്റഡിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെയാണ് അമോറിമിന്റെ കസേര തെറിച്ചത്.

കിരീടവരള്‍ച്ചയില്‍ ഉഴറുന്ന ടീമിന് ജീവവായുവാകാന്‍ ഒരിക്കല്‍പ്പോലും അമോറിമിന് സാധിച്ചിരുന്നില്ല. ആരാധകര്‍ പോലും ആഗ്രഹിച്ച തീരുമാനമെന്നാണ് അമോറിമിന്റെ പുറത്താകലിനെ വിലയിരുത്തുന്നത്.

റൂബന്‍ അമോറിം

അമോറിം അടക്കം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അഞ്ച് പരിശീലകരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയത്. ഇക്കാലയളവില്‍ ഇടക്കാലപരീശീലകരടക്കം ഒമ്പത് പേര്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ചു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

2016ല്‍ ലൂയീസ് വാന്‍ ഗാലിനെയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ യുണൈറ്റഡ് ആദ്യമായി പുറത്താക്കിയത്. ഡേവിഡ് മോയസിന് പകരക്കാരനായാണ് വാന്‍ ഗാല്‍ ടീമിന്റെ പരിശീലകനായെത്തിയത്.

ടീമിന്റെ മോശം പ്രകടനം കാരണം ആറ് വര്‍ഷത്തെ കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ മോയസിനെ പുറത്താക്കിയതോടെയാണ് വാന്‍ ഗാല്‍ യുണൈറ്റഡിന്റെ പരിശീലകനായത്. 2014 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് വാന്‍ ഗാലിന് ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള വഴിയൊരുക്കിയത്.

ലൂയീസ് വാന്‍ ഗാല്‍

എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ തന്നെ വാന്‍ ഗാലിന്റെ സ്ഥാനം തെറിച്ചു. 2014 മെയ് മാസത്തില്‍ റെഡ് ഡെവിള്‍സിന്റെ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം 2016 മെയ് മാസത്തില്‍ പുറത്താക്കപ്പെടുകയായിരുന്നു.

ശേഷം ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീന്യോയെയാണ് യുണൈറ്റഡ് പരിശീലകസ്ഥാനമേല്‍പ്പിച്ചത്. എന്നാല്‍ ടീമിന്റെ തലവര തിരുത്താന്‍ പോര്‍ച്ചുഗീസ് പരിശീലകന് സാധിച്ചില്ല.

2016 മെയ് 27ന് റെഡ് ഡെവിള്‍സ് പരിശീലകനായി ചുമതലയേറ്റ മൗറീന്യോയെ 2018 ഡിസംബര്‍ 18ന് ടീം പുറത്താക്കി. മോശം റിസള്‍ട്ടുകള്‍ക്കൊപ്പം ക്ലബ്ബ് മാനേജ്‌മെന്റും താരങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും മൗറീന്യോയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കി.

ഹോസെ മൗറീന്യോ

നോര്‍വീജയന്‍ പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ക്‌സ്‌ജെറിനായിരുന്നു അടുത്ത ചുമതല. മൗറീന്യോയ്ക്ക് പകരക്കാരനായി 2018 ഡിസംബര്‍ 18ന് ഇടക്കാല പരിശീലകനായി ചുമതലയേറ്റ അദ്ദേഹം അടുത്ത വര്‍ഷം മാര്‍ച്ച് 28ന് സ്ഥിരം പരിശീലകനായി.

എന്നാല്‍ മുന്‍ഗാമികളുടെ അതേ അവസ്ഥയായിരുന്നു സോള്‍ക്‌സ്‌ജെറിനെയും കാത്തിരുന്നത്. 2021 നവംബര്‍ 21ന് അദ്ദേഹത്തെയും യുണൈറ്റഡ് പുറത്താക്കി.

എറിക് ടെന്‍ ഹാഗായിരുന്നു യുണൈറ്റഡിന്റെ അടുത്ത പരിശീലകന്‍. സമീപകാലത്ത് യുണൈറ്റഡ് ആരാധകര്‍ ഏറ്റവും വെറുത്ത മാനേജര്‍ കൂടിയായിരുന്നു ടെന്‍ ഹാഗ്. യുണൈറ്റഡിനെ കരബാവോ കപ്പ് വിജയിപ്പിച്ചെങ്കിലും ആ വെറുപ്പിനെ മറികടക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

എറിക് ടെന്‍ ഹാഗ്

‘മൊട്ടത്തലയുണ്ടായാല്‍ മാത്രം ഗ്വാര്‍ഡിയോളയാകില്ല’ എന്ന പരിഹാസവും ടെന്‍ ഹാഗിനെതിരെ ഉയര്‍ന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡ് വിട്ടതും ടെന്‍ ഹാഗിന്റെ കാലത്തായിരുന്നു. 2024-25 സീസണില്‍ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ യുണൈറ്റഡില്‍ ടെന്‍ ഹാഗ് യുഗത്തിനും തിരശ്ശീല വീണു.

റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ ഇടക്കാല ചുമതലയ്ക്ക് ശേഷമാണ് റൂബന്‍ അമോറിം പരിശീലകനായെത്തിയത്. എന്നാല്‍ താമസംവിനാ അമോരിമിനും ഓള്‍ഡ് ട്രാഫോര്‍ഡ് വിടേണ്ടി വന്നിരിക്കുകയാണ്.

റൂബന്‍ അമോറിം

അമോരിമിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 38 ശതമാനം മത്സരങ്ങളില്‍ മാത്രമെ വിജയിച്ചിട്ടുള്ളൂ. 63 മത്സരങ്ങള്‍ പരിശീലിപ്പിച്ചതില്‍ കേവലം 28 മത്സരങ്ങളില്‍ മാത്രമാണ് ചുവന്ന ചെകുത്താന്‍മാര്‍ വിജയം രുചിച്ചത്.

അമോറിമിന് ശേഷം ടീമിന്റെ ഇടക്കാല പരിശീലകനായി മുന്‍ മാഞ്ചസ്റ്റര്‍ താരവും അക്കാദമി കോച്ചുമായ ഡാരന്‍ ഫ്‌ളെക്‌സ്ച്ചറിനെയാണ് ടീം ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ബേണ്‍ലിക്കെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഫ്‌ളെക്‌സ്ചറിന് കീഴിലാണ് ടീം കളത്തിലിറങ്ങുക. പ്രീമിയര്‍ ലീഗിലല്‍ നിലവില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Content Highlight: In past 10 years, Manchester United have sacked 5 coaches 

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more