നാടക രംഗത് നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയ നടിയാണ് സാവിത്രി ശ്രീധരൻ. സിനിമയിലെത്തുന്നതിന് മുൻപ് നാല് പതിറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് സജീവമായിരുന്നു. കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ സമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ നടി കൈകാര്യം ചെയ്തിട്ടുണ്ട്. 1977ലും 1993ലും മികച്ച നാടക കലാകാരനുള്ള കേരള സംസ്ഥാന അവാർഡ് സാവിത്രി നേടിയിട്ടുണ്ട്.
‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായിരുന്നു താരം. ചിത്രത്തിലെ പ്രകടനത്തിന് 2018ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും നടിക്ക് ലഭിച്ചിരുന്നു.
സുഡാനി ഫ്രം നൈജീരിയ. Photo. IMDb
വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സംഘം ചെറുപ്പക്കാർ സിനിമയിലേക്ക് ക്ഷണിക്കാൻ വന്നതെന്ന് സാവിത്രി ശ്രീധരൻ പറയുന്നു. പ്രായമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ ആവശ്യമുണ്ടെന്നും അതിലൊന്ന് സാവിത്രി ശ്രീധരനെയാണ് പരിഗണിക്കുന്നതെന്നും അവർ അറിയിക്കുകയായിരുന്നു. നാടക രംഗത്ത് തനിക്കൊപ്പം പ്രവർത്തിച്ചിരുന്ന സരസ, വിജയലക്ഷ്മി, ജയശ്രീ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് സിനിമയിലേക്ക് വരാൻ സമ്മതിച്ചതെന്നും അവർ മുൻപ് ഡ്യൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
‘പണ്ടൊക്കെ എനിക്ക് സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ പേടിയായിരുന്നു. കുറെ ആളുകൾ വിളിച്ചിട്ടുണ്ട് നല്ല സമയത്ത്, പക്ഷേ ഞാൻ പോയിട്ടുണ്ടായിരുന്നില്ല. ഇത് പിന്നെ പ്രായമായപ്പോൾ ആണ് വന്നത്. എന്റെ കൂടെ നാടകത്തിൽ അഭിനയിച്ചവർ ഒക്കെ ഉണ്ടല്ലോ, അവരൊക്കെ ഉണ്ടെങ്കിൽ ഞാൻ വരാമെന്ന് പറഞ്ഞു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്,’ സാവിത്രി പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ. Photo. IMDb
ചെറുപ്പം മുതൽ കലയോട് അടുപ്പമുണ്ടായിരുന്ന സാവിത്രി ശ്രീധരൻ പിതാവിന്റെ പ്രോത്സാഹനത്തോടെയാണ് നൃത്തം പഠിച്ചത്. വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചിരുന്ന അവർ, നാടകങ്ങൾ കണ്ടുകണ്ടാണ് നടിയാകണമെന്ന ആഗ്രഹം മനസിൽ രൂപപ്പെട്ടതെന്നും പറഞ്ഞു. കോഴിക്കോട് ശാന്താദേവി, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരുടെ നാടകങ്ങൾ കാണാൻ പോയിരുന്നതും സാവിത്രി ഓർത്തെടുത്തു.
‘എന്റെ ഡാൻസ് കഴിഞ്ഞാൽ ഞാൻ പോയി നാടകം കാണും. അത് കണ്ടു കണ്ടാണ് എന്റെ മനസിൽ നാടകം ചെയ്യണം, ഒരു നടിയാകണം എന്നുള്ള മോഹം വന്നത്. അങ്ങനെയാണ് അച്ഛന്റെയും ഭർത്താവിന്റെയും സമ്മതത്തോടുകൂടി നാടക ഫീൽഡിലേക്ക് വന്നത്,’ സാവിത്രി പറഞ്ഞു.
നാടകത്തിലെ അഭിനയവും സിനിമയിലെ അഭിനയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും സാവിത്രി സംസാരിച്ചു. നാടകത്തിൽ ദൂരെയുള്ള പ്രേക്ഷകരിലേക്കും സംഭാഷണങ്ങളും ഭാവങ്ങളും എത്തിക്കേണ്ടതിനാൽ അഭിനയത്തിൽ കുറച്ച് ഓവർ എക്സ്പ്രഷൻ ആവശ്യമാണ്. എന്നാൽ സിനിമയിൽ സ്വാഭാവികമായ അഭിനയം മതിയെന്നും അവർ വ്യക്തമാക്കി.
‘നാടകത്തിൽ കുറച്ച് ഓവർ ആയിട്ട് തന്നെ വേണം ചെയ്യാൻ. സിനിമയിൽ ആകുമ്പോൾ അങ്ങനെ വേണ്ടല്ലോ, വളരെ നാച്ചുറലായി ചെയ്താൽ മതി നമ്മൾ,’നടി പറഞ്ഞു.
കെ.ടി. ഇബ്രാഹിം വെങ്ങരയുടെ ‘രാജ്യസഭ’ ഉൾപ്പെടെയുള്ള നാടകങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സാവിത്രി നേടിയിരുന്നു. നാടകങ്ങളിൽ അവതരിപ്പിച്ച മുസ്‌ലിം കഥാപാത്രങ്ങളുടെ അനുഭവങ്ങൾ സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും സാവിത്രി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ചിത്രത്തിലെ രണ്ട് ഉമ്മമാരുടെയും സൗബിന്റെയും സുടുവിന്റെയും പ്രകടനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തെന്നും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് അതിന് ലഭിച്ചതെന്നും അവർ ഓർത്തെടുത്തു.
സാവിത്രി ശ്രീധരൻ, സുഡാനി ഫ്രം നൈജീരിയ. Photo. Screen Grab/ Youtube
‘സിനിമ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. രണ്ടുമ്മമാരും സൗബിനും സുടുവും എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. തിയേറ്ററുകളിൽ പോയപ്പോഴൊക്കെ എല്ലാവരും അടിപൊളി അടിപൊളി എന്ന് പറഞ്ഞു. എല്ലാവർക്കും ഞങ്ങൾ ഉമ്മമാരാണ്. എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്,’ സാവിത്രി ശ്രീധരൻ പറഞ്ഞു നിർത്തി.
Content Highlight:In old interview with dool news, Savithri sreedharan speaks about her acting career in cinema and theatere