| Tuesday, 4th February 2025, 8:13 pm

നെയ്യാറ്റിന്‍കരയില്‍ വീടുകളിലെ കിണറുകളില്‍ പെട്രോള്‍ കലരുന്നതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പനച്ചമൂട്ടില്‍ വീടുകളിലെ കിണറുകളില്‍ പെട്രോള്‍ കലരുന്നതായി പരാതി. പനച്ചമൂട് പുലിയൂര്‍ശാലയിലെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന്റെ സമീപത്തുള്ള നാല് വീടുകളിലെ കിണറുകളിലാണ് പെട്രോളിന്റെ അംശം കണ്ടെത്തിയത്.

പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പ് കിണറില്‍ ഇത്തരത്തില്‍ പെട്രോള്‍ കലര്‍ന്നിട്ടുണ്ടെന്നും പരാതി നല്‍കിയതിനെ തുടര്‍ന്ന് ലീക്കുണ്ടായിരുന്ന ടാങ്ക് പമ്പ് അടച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ അമിതമായി ഇത്തവണ കിണറില്‍ പെട്രോള്‍ കലരുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കിണറിലെ വെള്ളം പാത്രത്തില്‍ ഒഴിച്ച് നാട്ടുകാര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ (തിങ്കള്‍) കിണറില്‍ നിന്ന് വെള്ളം കോരിയ വീട്ടുകാര്‍ക്ക് വെള്ളത്തിന് പെട്രോളിന്റെ മണം തോന്നുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തിലേക്ക് തീപ്പെട്ടി ഉരച്ചിട്ടപ്പോള്‍ വെള്ളം കത്തുകയായിരുന്നു.

പിന്നാലെ പൊലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ വീട്ടുകാര്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ശക്തമായ നടപടി ഉണ്ടാകണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

നേരത്തെ എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നിരുന്നു. സമീപത്തെ ഓടയിലേക്ക് പെട്രോള്‍ ഒഴുകുകയായിരുന്നു. തുടര്‍ന്ന് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

പിന്നാലെ ലൈസന്‍സ് കാലാവധി പൂര്‍ത്തിയായതോടെ എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Content Highlight: In Neyyatinkara, there is a complaint that petrol is mixed in the wells of the houses

We use cookies to give you the best possible experience. Learn more