| Wednesday, 5th February 2025, 9:14 am

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; പ്രതിയായ ഹോട്ടലുടമ പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവത്തിൽ പ്രതിയായ ഹോട്ടൽ ഉടമ പിടിയിൽ. ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. മറ്റുള്ള രണ്ട് പ്രതികളായ റിയാസ്, സുരേഷ് എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

കുന്നംകുളത്ത് നിന്നാണ് ഹോട്ടൽ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുകയും ചെയ്യും.

അതേസമയം, മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്.പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.

സംഭവത്തിൽ പൊലീസ് പ്രതികളെ പിടിക്കുന്നതിൽ കാലതാമസം വരുത്തിയതിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ കുടുംബം യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. ഹോട്ടൽ ഉടമസ്ഥനും രണ്ട് ജീവനക്കാരും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നൽകുകയും ചെയ്തു. ഹോട്ടലിനോട് ചേർന്ന് വാടക കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു.

ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: In Mukkat, a woman jumped from a building during a rape attempt; Accused hotel owner arrested

Latest Stories

We use cookies to give you the best possible experience. Learn more