| Tuesday, 25th November 2025, 12:50 pm

മധ്യപ്രദേശില്‍ ബി.എല്‍.ഒ അസിസ്റ്റന്റുമാരായി ബി.ജെ.പി പ്രവര്‍ത്തകര്‍; തെറ്റ് പറ്റിയെന്ന് ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ എസ്.ഐ.ആറിന് വേണ്ടി നിയമിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായികളായി ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ നിയമിച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് പറഞ്ഞ് ദാതിയ ജില്ലാ കളക്ടര്‍.

വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ മധ്യപ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പി കൈ കടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് ജില്ലാ കളക്ടര്‍ പ്രതികരിക്കുകയായിരുന്നു. കൂടാതെ, വിവാദമായ പേരുകള്‍ ബി.എല്‍.ഒ സഹായികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

രാഷ്ട്രീയ ബന്ധമുള്ള മൂന്ന് പേരെ ബി.എല്‍.ഒ അസിസ്റ്റന്റുമാരുടെ പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തിയതായി ദാതിയ കളക്ടര്‍ സ്വപ്‌നില്‍ വാങ്കഡെ പ്രതികരിച്ചു. എന്നാല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത് താനല്ലെന്നും ദാതിയ നിയമസഭയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.

മൂന്ന് പേരുകളാണ് തെറ്റായി ഉള്‍പ്പെടുത്തിയത്. അത് ഒഴിവാക്കുകയാണ്. വിവിധ വകുപ്പുകള്‍ അസിസ്റ്റന്റുമാര്‍ക്കായി പേരുകള്‍ അയച്ചിരുന്നു. മൂന്നെണ്ണം അബദ്ധത്തില്‍ ചേര്‍ത്തു. ദുരുദ്ദേശത്തോടെ ആയിരുന്നില്ല നടപടിയെന്നും സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാകളക്ടര്‍ തയ്യാറാക്കിയ ഔദ്യോഗിക പട്ടികയില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോഷ്യല്‍മീഡിയയിലൂടെ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജിതു പട്‌വാരിയാണ് പുറത്തുവിട്ടത്. പിന്നാലെയാണ് സംഭവത്തില്‍ വലിയ വിവാദം ഉയര്‍ന്നത്.

പട്ടികയില്‍ നാലില്‍ കൂടുതല്‍ പേര്‍ ബി.ജെ.പി അംഗങ്ങളോ ഭാരവാഹികളോ ആണെന്ന് പട്‌വാരി പറഞ്ഞിരുന്നു. എസ്.ഐ.ആര്‍ പോലുള്ള ഭരണഘടനാ പ്രവര്‍ത്തനം പോലും രാഷ്ട്രീയമായി കൈകാര്യം ചെയ്യുകയാണ് ബി.ജെ.പി ഭരണകൂടം.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എല്ലാ സ്ഥാപനങ്ങളെയും സ്വന്തം കാല്‍ക്കീഴിലാക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം ദുര്‍ബലമാക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പട്‌വാരി ആരോപിച്ചു.

ഇതിനിടെ, ജിതു പട്‌വാരി ബി.ജെ.പി നേതാവെന്ന് വിശേഷിപ്പിച്ച മനീഷ് മിശ്ര പ്രതികരണവുമായി രംഗത്തെത്തി.

താന്‍ ബി.ജെ.പിയില്‍ ഒരു പദവിയും വഹിക്കുന്നില്ലെന്നും പാര്‍ട്ടിയിലെ ചെറിയ പ്രവര്‍ത്തകന്‍ മാത്രമാണെന്നും വിവാദത്തില്‍ പ്രദേശിക ഭരണകൂടം തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മിശ്ര പറഞ്ഞു.

പട്ടികയിലുള്ള മറ്റൊരാള്‍ താന്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളയാളാണെന്ന് സ്ഥിരീകരിച്ചുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Madhya Pradesh SIR: RSS, BJP workers appointed as BLO assistants; District Collector says mistake made

We use cookies to give you the best possible experience. Learn more