| Tuesday, 25th October 2016, 2:51 pm

കേസ് കൊടുത്തതിന് പ്രതികാര നടപടി; ബസ്തറില്‍ പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും കോലം കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോണി സോറി, മാലിനി സുബ്രഹ്മണ്യം, ഹിമാന്‍ഷു കുമാര്‍, മനീഷ് കുഞ്ചം നന്ദിനി സുന്ദര്‍, ബേല ഭാട്ടിയ എന്നിവരുള്‍പ്പടെയുള്ളവരുടെ കോലങ്ങളാണ് യൂണിഫോമിട്ട പോലീസുകാര്‍ നടുറോഡില്‍ മുദ്രവാക്യം വിളിച്ചെത്തി കത്തിച്ചത്.


ബസ്തര്‍:  തദ്‌മേത്‌ല ഗ്രാമത്തില്‍ 160ഓളം വീടുകള്‍ കത്തിച്ച സംഭവത്തില്‍ 7 പോലീസുകാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തതിന് പിന്നാലെ തങ്ങള്‍ക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളരുടെ കോലം കത്തിച്ച് പോലീസ്.

സോണി സോറി, മാലിനി സുബ്രഹ്മണ്യം, ഹിമാന്‍ഷു കുമാര്‍, മനീഷ് കുഞ്ചം നന്ദിനി സുന്ദര്‍, ബേല ഭാട്ടിയ എന്നിവരുള്‍പ്പടെയുള്ളവരുടെ കോലങ്ങളാണ് യൂണിഫോമിട്ട പോലീസുകാര്‍ നടുറോഡില്‍ മുദ്രവാക്യം വിളിച്ചെത്തി കത്തിച്ചത്.

ഛത്തീസ്ഗഢ് പോലീസ് വിഭാഗമായ സഹായക് ആരക്ഷക്‌സിന്റെ നേതൃത്വത്തിലാണ് ജഗ്ദാല്‍പൂര്‍, ദണ്ഡേവാഡ, ബീജാപ്പൂര്‍, കൊണ്ടഗോണ്‍, സുക്മ, നാരായണ്‍പൂര്‍ എന്നീ സ്ഥലങ്ങളില്‍ കോലം കത്തിക്കലും മുദ്രാവാക്യം വിളിയും നടന്നത്.

വാട്‌സ്ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരെ അറിയിച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതിഷേധം. സുപ്രീംകോടതി നിരോധിച്ച സാല്‍വാ ജുദൂമില്‍ നിന്നടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സഹായക് ആരക്ഷക് സേന.

അപകടം നിറഞ്ഞ മേഖലകളില്‍ ജീവന്‍പണയപ്പെടുത്തി ജോലിചെയ്യുന്ന തങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് പോലീസിന്റെ വാദം.

2011 മാര്‍ച്ചിലായിരുന്നു ദണ്ഡേവാഡ ജില്ലയുടെ ഭാഗമായിരുന്ന തദ്‌മേത്‌ല ഗ്രാമത്തിലെ 160ഓളം വരുന്ന ആദിവാസി കുടിലുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നത്. പോലീസ് റിപ്പോര്‍ട്ടില്‍ നക്‌സലൈറ്റുകളായിരുന്നു കുറ്റക്കാര്‍. എന്നാല്‍ സാല്‍വാ ജുദൂം അടക്കമുള്ള മാവോയിസ്റ്റ് വിരുദ്ദസനേയാണ് തീയിട്ടതെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.

തീയിട്ട കേസിന് പുറമെ സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആക്രമിച്ചതിനും 26 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more