| Monday, 21st April 2025, 8:30 am

യെമനിലെ ഹൂത്തി ആക്രമണത്തിന്റെ ചാറ്റ് ലീക്കായതിന് പുറമെ യു.എസ് പ്രതിരോധ സെക്രട്ടറി യുദ്ധതന്ത്രങ്ങള്‍ വീട്ടുകാരുമായും പങ്കുവെച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്ത ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.

ഇപ്പോഴിതാ ആ വിവരങ്ങള്‍ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്‌സെത്ത് തന്റെ കുടുംബാംഗങ്ങളുമായും ചര്‍ച്ച ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

പീറ്റ് ഹെഗ്സെത്ത് തന്റെ സ്വകാര്യ ഫോണില്‍ ഒരു പ്രത്യേക സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റ് സൃഷ്ടിച്ച് അത് വഴി യെമനിലെ യുദ്ധതന്ത്രങ്ങള്‍ ഭാര്യ, സഹോദരന്‍, അഭിഭാഷകന്‍, സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുവെച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ ഉപയോഗിച്ച യുദ്ധവിമാനം പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവായ വിവരങ്ങള്‍ ഹെഗ്സെത്ത് തന്റെ കുടുംബവുമായും അഭിഭാഷകനുമായും പങ്കിട്ടതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനെ പുറമെ ഹെഗ്സെത്തിന്റെ ഭാര്യയും മുന്‍ ഫോക്സ് ന്യൂസ് പ്രൊഡ്യൂസറുമായ ജെന്നിഫര്‍ വിദേശ സൈനിക പ്രതിനിധികളുമായുള്ള സുപ്രധാന മീറ്റിങ്ങുകളില്‍ പങ്കെടുത്തതായി വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിന് പുറമെ മറ്റൊരു ഗ്രൂപ്പ് ജനുവരിയിലാണ് ഹെഗ്‌സെത്ത് സൃഷ്ടിച്ചത്. ഡിഫന്‍സ് ടീം ഹഡില്‍ എന്ന് പേരിട്ട ഈ ഗ്രൂപ്പില്‍ ഹെഗ്‌സെത്തിന്റെ ഭാര്യയും സുഹൃത്തുക്കളുമടക്കം ഒരു ഡസനോളം ആളുകളുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണിലല്ല, മറിച്ച് സ്വകാര്യ ഫോണിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ മാസമാണ് യെമനിലെ ഹൂത്തികള്‍ക്കെതിരായ യു.എസ് യുദ്ധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ഗ്രൂപ്പില്‍ അറ്റ്ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ മൈക്കല്‍ വാള്‍ട്ട്സ് ഉള്‍പ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പിന്നീട് മൈക്കില്‍ വാള്‍ട്‌സ് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.

യെമനിലെ യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മറ്റ് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണുണ്ടായിരുന്നത്. മെസേജിങ് ആപ്പായ സിഗ്‌നലിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പിലേക്കാണ് മാധ്യമപ്രവര്‍ത്തകനെ ആഡ് ചെയ്തത്.

ഇതിന് പിന്നാലെ രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കി എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍

Content Highlight: In addition to the leaked chat of the Houthi attack in Yemen, the US Defense Secretary also reportedly shared war strategies with his family

We use cookies to give you the best possible experience. Learn more