ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് പി.എസ്.ജി യോഗ്യത നേടിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് പി.എസ്.ജി ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തിയെത്തിയ ചെല്‍സിയാണ് എതിരാളികള്‍. ഇതോടെ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തിനാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാരാണ് ചെല്‍സി. സ്പാനിഷ് സൂപ്പര്‍ ടീം റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി കിരീടമണിഞ്ഞത്.
എന്നാല്‍ പി.എസ്.ജിയാകട്ടെ യൂറോപ്പിന്റെ ഏറ്റവും വലിയ ഫുട്‌ബോള്‍ കിരീടമാണ് തലയില്‍ ചൂടിയിരിക്കുന്നത്. കിരീടപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തകര്‍ത്തെറിഞ്ഞാണ് പാരീസിയന്‍സ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഷെല്‍ഫിലെത്തിച്ചത്.
ഇപ്പോള്‍ ഇതുവരെ നേടാന്‍ സാധിക്കാത്ത ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടമാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഫ്രഞ്ച് ടീം ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.
ജൂലൈ 14നാണ് ഫൈനല്‍. മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് വേദി.
എന്നാല്‍ ഇതുമാത്രമല്ല മറ്റൊരു കിരീടപ്പോരാട്ടവും പി.എസ്.ജിക്ക് കളിക്കാനുണ്ട്, അതാകട്ടെ മറ്റൊരു യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെയും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ യുവേഫ സൂപ്പര്‍ കപ്പാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. എതിരാളികളാകട്ടെ യുവേഫ യൂറോപ്പ ലീഗ് സ്വന്തമാക്കിയ ടോട്ടന്‍ഹാം ഹോട്‌സ്പറും.
ബില്‍ബാവോയിലെ സാന്‍ മാംസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം കാലങ്ങളായുള്ള തങ്ങളുടെ കിരീടവരള്‍ച്ച അവസാനിപ്പിച്ചത്.
ഓഗസ്റ്റ് 14നാണ് പി.എസ്.ജിയും ടോട്ടന്‍ഹാമും സൂപ്പര്‍ കപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഉഡീനിലെ സ്റ്റേഡിയോ ഫ്രിയൂലിയാണ് വേദി.
സീസണില്‍ ഇതിനോടകം ട്രെബിള്‍ നേട്ടം പൂര്‍ത്തിയാത്തിയ പി.എസ്.ജി അത് ക്വാഡ്രാപ്പിളും ക്വിന്റിപ്പിളുമായി ഉയര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: In addition to the Club World Cup final, PSG will also play in the UEFA Super Cup final.