ബ്രസീലിലെ അണ്ടര്‍-20 ഫുട്‌ബോള്‍ മത്സരത്തിനിടെ വന്‍ കൂട്ടത്തല്ല്. മിനാസ് ജെറൈസ് സംസ്ഥാന രണ്ടാം ഡിവിഷന്‍ സെമിഫൈനലില്‍ ഉബര്‍ലാന്‍ഡിയയും മമോറിയും ഏറ്റുമുട്ടിയ മത്സരത്തില്‍ പരിശീലകസംഘാംഗങ്ങള്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് റെഡ് കാര്‍ഡ്. 43 കളിക്കാര്‍ക്കും എട്ട് പരിശീലകര്‍ക്കുമാണ് റെഡ് കാര്‍ഡ് ലഭിച്ചത്.
നവംബര്‍ ഒന്നിന് ഉബര്‍ലാന്‍ഡിയയിലെ പാര്‍ക്ക് ദോ സാബിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മമോറെ 3-1ന് മുന്നേറുന്നതിനിടയിലായിരുന്നു സംഭവം. മത്സരത്തിലെ രണ്ടാം പകുതിയുടെ അധികസമയത്ത് മമോറെ മൂന്നാം ഗോള്‍ നേടിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഗോള്‍ നേടിയ ഡേവി ഫെര്‍ണാണ്ടസ് ബിട്ടന്‍കോര്‍ട്ട് ഉബര്‍ലാന്‍ഡിയയുടെ പകരക്കാരുടെ ബെഞ്ചിന് നേരെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതാണ് കൂട്ടത്തല്ലിലേക്ക് വഴിയൊരുക്കിയതെന്നാണ് റഫറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതില്‍ പ്രകോപിതനായ ഉബര്‍ലാന്‍ഡിയയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍ പൗലോ സെര്‍ജിയോ ഡയസ് ഡോസ് സാന്റോസ് താരത്തെ തള്ളിയതോടെ ഇരുടീമുകളിലെയും കളിക്കാരും പരിശീലകസംഘാംഗങ്ങളും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ കുത്തും ചവിട്ടും നടന്നതായും വസ്തുക്കള്‍ വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ് ബോള്‍ ബോയ്‌സും സംഘര്‍ഷത്തില്‍ പങ്കെടുത്തതായി റഫറി രേഖപ്പെടുത്തി.
മത്സരത്തിനിടെ നേരത്തെ മൂന്ന് താരങ്ങള്‍ പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് കൂട്ടത്തല്ലില്‍ പങ്കെടുത്ത 48 പേര്‍ക്കുകൂടി ചുവപ്പുകാര്‍ഡ് ലഭിച്ചു. റഫറിക്ക് കാര്‍ഡുകള്‍ നേരിട്ട് കാണിക്കാന്‍ കഴിയാത്തവിധം സംഘര്‍ഷം രൂക്ഷമായതിനാല്‍ പുറത്താക്കലുകള്‍ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ സ്റ്റേഡിയത്തിന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. 14 വാതിലുകള്‍ തകര്‍ന്നതായും മറ്റ് സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റഫറിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് റിപ്പോര്‍ട്ടും രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിന് പിന്നാലെ ഉബര്‍ലാന്‍ഡിയ രണ്ടാംപാദ സെമിഫൈനലില്‍ നിന്ന് പിന്മാറി. മമോറെക്ക് ഏഴ് താരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്ന സാഹചര്യത്തില്‍ കായികമാന്യതയുടെ ഭാഗമായാണ് പിന്മാറ്റമെന്ന് ക്ലബ് വ്യക്തമാക്കി. ഇതോടെ മമോറെ ഫൈനലിലേക്ക് മുന്നേറി. ഉബര്‍ലാന്‍ഡിയ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പങ്കെടുക്കും.
2011ല്‍ അര്‍ജന്റീനയില്‍ ക്ലേപോളും വിക്ടോറിയാനോ അരീനസും തമ്മിലുള്ള മത്സരത്തിലെ കൂട്ടത്തല്ലില്‍ രേഖപ്പെടുത്തിയ 36 പേരുടെ റെഡ് കാര്‍ഡ് മറികടന്ന്, ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റെഡ് കാര്‍ഡ് കണ്ട മത്സരമായി മാറിയിരിക്കുകയാണ് ഉബര്‍ലാന്‍ഡിയയും മമോറിയും തമ്മിലുള്ളത്.
Content Highlight: In a match between Uberlândia and Mamoré, 51 people including members of the coaching staff were shown red cards