ലണ്ടന്‍: ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങളുടെ കാലമാണ്. അതിലേറ്റവും അവസാനത്തേത് സംഭവിച്ചിരിക്കുന്നത് പൊതുവേ മാറ്റങ്ങള്‍ സംഭവിക്കാന്‍ ബുദ്ധിമുട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിലാണ്. അതും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ആഷസില്‍.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ എല്ലാ താരങ്ങള്‍ക്കും അവരുടെ പേരും നമ്പരും ജേഴ്‌സിയിലുണ്ടാവും. എന്നാല്‍ ടെസ്റ്റില്‍ അതിതുവരെ പരീക്ഷിച്ചിട്ടില്ല. അതിത്തവണ ആഷസിലൂടെ അരങ്ങേറുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട് പേരും നമ്പരുമുള്ള ജേഴ്‌സി അണിഞ്ഞുനില്‍ക്കുന്ന ചിത്രവും അവര്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ആഷസ് ഇത്തവണ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നേരത്തേതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
നാളെ അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനുശേഷം ഓഗസ്റ്റ് ഒന്നിനാണ് ആഷസ് ആരംഭിക്കുക. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടാണ് ഇത്തവണ ആഷസിന് ആതിഥ്യമരുളുന്നത്.
2017-18-ല്‍ സ്വന്തം നാട്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് 4-0-ത്തിന് ജയം കണ്ടിരുന്നു.