| Saturday, 21st February 2026, 9:02 am

എ.ആര്‍ റഹ്‌മാന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം: അദ്ദേഹം വെറുമൊരു സംഗീത സംവിധായകന്‍ മാത്രമല്ല: ഇംതിയാസ് അലി

ഐറിന്‍ മരിയ ആന്റണി

ബോളിവുഡിലെ മികച്ച സംവിധായകിലൊരാളാണ് ഇംതിയാസ് അലി. ഹൈവേ, ജബ് വി മെറ്റ്, തമാശ, റോക്ക് സ്റ്റാര്‍ എന്നിങ്ങനെ മറക്കാനാകാത്ത ഒരുപിടി സിനിമകള്‍ അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ സോച്ച നാ താ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ ഇംതിയാസ്, ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇംതിയാസിന്റെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്‌മാനാണ്. ഗാനങ്ങളാകട്ടെ സിനിമപോലെ തന്നെ സൂപ്പര്‍ ഹിറ്റുമാണ്. റോക്ക്‌സ്റ്റാര്‍, തമാശ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മിക്കവരുടെയും പ്ലേ ലിസ്റ്റില്‍ ഇപ്പോഴും ഉണ്ട്.

ഇപ്പോഴിതാ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇംതിയാസ് അലി എ.ആര്‍ റഹ്‌മാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. എ.ആര്‍. റഹ്‌മാനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് ഇംതിയാസ് പറയുന്നു.

‘എന്റെ സിനിമയില്‍ അദ്ദേഹം സംഗീതം നല്‍കിയ പാട്ടുകള്‍ക്ക് പുറമേ, സിനിമയുടെ മറ്റ് ഭാഗങ്ങള്‍ക്കായി എനിക്ക് അയച്ചുതരുന്ന സംഗീതം എന്നെ വലിയരീതിയില്‍ സ്വാധീനിക്കാറുണ്ട്. സിനിമയൊടോപ്പം റഹ്‌മാന്‍ സാര്‍ ഉണ്ടാകും. ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം തന്നെയാണ് ചെയ്യുക.

ഒരു മ്യൂസിക്കും ഇല്ലാത്ത ഭാഗങ്ങളിലും അദ്ദേഹം ഒരു കൊലാബറേറ്ററാണ്. വെറുമൊരു സംഗീത സംവിധായകന്‍ മാത്രമല്ല. അദ്ദേഹം ആ സിനിമയിലെ വലിയൊരു കൊലാബറേറ്ററാണ്. ഞാനാദ്യമായി സിനിമ ചെയ്തപ്പോഴും എ.ആര്‍ റഹ്‌മാന്‍ സാര്‍ എന്നില്‍ വിശ്വസിച്ചു. അതൊരു ഭാഗ്യമാണ്,’ ഇംതിയാസ് പറയുന്നു.

ഒരു ട്രാക്ക് കൊടുക്കാമെന്ന് പറഞ്ഞ് വെറുതെ എന്തെങ്കിലും ചെയ്യുകയല്ല എ.ആര്‍ റഹ്‌മാന്‍ ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതം തന്റെ തിരക്കഥയിലും ഒരു മാറ്റം കൊണ്ട് വരാന്‍ ഇന്‍സ്പയര്‍ ചെയ്യാറുണ്ടെന്നും ഇംതിയാസ് അലി കൂട്ടിച്ചേര്‍ത്തു. അതാണ് തനിക്ക് കിട്ടിയ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ലാത്ത ഇതിഹാസമാണ് എ.ആര്‍ റഹ്‌മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച റഹ്‌മാന്‍ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങളാണ് സംഗീതാസ്വാദകര്‍ക്ക് നല്‍കിയിട്ടുള്ളത്.

ധനുഷും കൃതി സനോനും പ്രധാനവേഷങ്ങളിലെത്തിയ തേരേ ഇഷ്‌ക് മേ നാണ് റഹ്‌മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlight: Imtiaz Ali  talks about A.R rahman

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more