2026 ഗ്ലോബല്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. കലാശപ്പോരാട്ടത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ യൂണിക്കോണ്‍സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ഗയാനയുടെ കിരീട നേട്ടം. ടീമിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്.
ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലര്‍ പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗയാന 18.5 ഓവറില്‍ 85 റണ്‍സിന് പുറത്തായി. വിജലക്ഷ്യം പിന്തുടര്‍ന്ന സാന്‍ഫ്രാന്‍സിസ്‌കോ 79 റണ്‍സിനും ഓള്‍ ഔട്ടായി.
സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ നേതൃത്തിലാണ് ഗയാന ചാമ്പ്യന്മാരായത്. തന്റെ 47ാം വയസിലാണ് താരം ക്യാപ്റ്റനായി കിരീടമുയര്‍ത്തിയത്. പ്രായത്തെ പോലും കാഴ്ചക്കാരനാക്കിയുള്ള ഇമ്രാന്റെ പോരാട്ടവീര്യം അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.
നായകനായി വീണ്ടുമൊരു കിരീടം കൂടിയതോടെ തന്റെ തന്നെ റെക്കോഡ് തകര്‍ത്തുകൊണ്ട് കുതിച്ചിരിക്കുകയാണ് ഇമ്രാന്‍. ടി20 ഫ്രാഞ്ചൈസി ലീഗ് നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ ഇമ്രാന്റെ സമ്പൂര്‍ണ ആധിപത്യമാണ്.
47 വയസും 127 ദിവസവും പ്രായമുള്ളപ്പോഴാണ് ഗയാനയെ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ചാമ്പ്യന്മാരാക്കിയത്. കഴിഞ്ഞ വര്‍ഷം തന്റെ 46ാം വയസില്‍ ഗ്ലോബല്‍ സ്റ്റാര്‍സ് കിരീടം നേടിയ ഇമ്രാന്‍ 44ാം വയസില്‍ കരീബിയന്‍ പ്രിമീയര്‍ ലീഗിലും കിരീടം നേടി.
ഇമ്രാൻ താഹിർ
ഈ പട്ടികയില്‍ ഇമ്രാന് പുറകിലുള്ളത് ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയും പാക് ലെജന്‍ഡ് മിസ്ബാ ഉള്‍ ഹഖുമാണ്. 41ാം വയസിലാണ് ഇരുവരുടെയും നേട്ടം. ഐ.പി.എല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചാമ്പ്യന്മാരാക്കിയപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്‌ലമാബാദ് യൂണൈറ്റഡിനെയുമാണ് ചാമ്പ്യന്മാരാക്കിയത്.
അതേസമയം മത്സരത്തില്‍ ഗയാനക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത്
ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മുഹമ്മദ് നബി എന്നിവരാണ്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും ഗുഡാകേഷ് മോട്ടി ഒരു വിക്കറ്റും നേടി ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി.
സാന്‍ഫ്രാന്‌സിസ്‌കോക്ക് വേണ്ടി ഒലിവര്‍ പീക്ക് മാത്രമാണ് പിടിച്ചുനിന്നത്. 28 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് ഒലിവറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുഭാഗത്ത് സാന്‍ഫ്രാന്‌സിസ്‌കോയുടെ ബൗളിങ്ങില്‍ പീറ്റര്‍ സിഡില്‍, അനിരുദ്ധ് ഇമ്മാനുവല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും ഫാബിയന്‍ അലന്‍, കരിമ ഗോര്‍, കല്ലം സ്റ്റൗ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
23 പന്തില്‍ 28 റണ്‍സ് നേടിയ മാത്യു ഫോര്‍ഡാണ് ഗയാന നിരയിലെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് 17 റണ്‍സും സ്വന്തമാക്കി.
Content Highlight: Imran Tahir create a historical record as a captain in franchisee T20 league