| Friday, 30th January 2026, 3:39 pm

എം.എസ്.എഫിന്റെ റാപ്പ് സോങ്ങില്‍ ഇമ്രാന്‍ ഖാന്‍; വിവാദമായതോടെ പിന്‍വലിച്ചു

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനായ എം.എസ്.എഫിന്റെ റാപ് സോങ്ങില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രവും. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ വീഡിയോയിലാണ് ഇമ്രാന്‍ ഖാന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

സംഭവം വിവാദമായതോടെ എം.എസ്.എഫ് വീഡിയോ പിന്‍വലിച്ചു. സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി എം.എസ്.എഫ് പുറത്തുവിട്ട എ.ഐ തീം ഗാനമാണ് വിവാദമായത്.

സി.എച്ച്. മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളോടൊപ്പമാണ് ഇമ്രാന്‍ ഖാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്.

2.47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ എം.കെ. മുനീര്‍ എം.എല്‍.എയാണ് റിലീസ് ചെയ്തതെന്നാണ് വിവരം. ഇതില്‍ 2.23 സെക്കന്റില്‍ ആയിരുന്നു ഇമ്രാന്‍ ഖാന്റെ ചിത്രമുണ്ടായിരുന്നത്.

ഇതിനെതിരെ എസ്.എഫ്.ഐ നേതാക്കളും സാമൂഹിക നിരീക്ഷകരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് എം.എസ്.എഫ് തീം സോങ് പിന്‍വലിച്ചത്.

മതരാഷ്ട്രവാദം ഉയര്‍ത്തിയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്ത പാകിസ്ഥാന്‍ നേതാവിനോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനും സംഘത്തിനും എന്ത് ബന്ധമാണ് ഉള്ളതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ചോദിച്ചു.

എം.എസ്.എഫിന് ഇമ്രാന്‍ ഖാനോടുള്ള പ്രതിബദ്ധത എന്താണെന്നും സഞ്ജീവ് ചോദ്യമുയര്‍ത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സഞ്ജീവിന്റെ പ്രതികരണം. വിവാദ വീഡിയോയിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ സഞ്ജീവ് പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയെയും നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആര്‍.എസ്.എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയില്‍ വളരാന്‍ സഹായകമാകുന്ന നിലപാടെടുക്കുകയും ചെയ്ത ഇമ്രാന്‍ ഖാനാണോ നവാസിന്റെ ഹീറോയെന്നും സഞ്ജീവ് ചോദിക്കുന്നു.

ഇത്തരം ചെയ്തികള്‍ സംഘികളെയും ജമാഅത്തെ ഇസ്‌ലാമികളെളെയും ഒരുപാട് സന്തോഷിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പി.കെ. നവാസും സംഘവും കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയായിരുന്നുവെന്നും സഞ്ജീവ് വിമര്‍ശിച്ചു.

Content Highlight: Imran Khan in MSF’s rap song; withdrawn after controversy

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more