| Tuesday, 26th August 2025, 9:03 pm

'ജയിലില്‍ വെളിച്ചമില്ല, പത്രം തടഞ്ഞു' മറിയം നവാസിനും എട്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ജയിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രിക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇമ്രാന്‍ ഖാന്‍ പൊലീസില്‍ കത്ത് നല്‍കിയത്. മറിയത്തിന് പുറമെ എട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.

അഡിയാല ജയില്‍ സൂപ്രണ്ട്, അഡിയാല ഔട്ട്‌പോസ്റ്റ് ഇന്‍-ചാര്‍ജ്, എ.എസ്.പി സൈനബ്, എസ്.എച്ച്.ഒ ഐസാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ റാവല്‍പിണ്ടി സിറ്റി പൊലീസ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി മറിയം നവാസിന്റെ നിര്‍ദേശ പ്രകാരം ഒരു തടവുകാരന്‍ എന്ന നിലയിലുള്ള തന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജയിലില്‍ തനിക്ക് വെളിച്ചമില്ലെന്നും തന്റെ കുടുംബത്തിന് സന്ദര്‍ശന അവകാശം നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘പുറംലോകത്തില്‍ നിന്ന് എന്നെ ഒറ്റപ്പെടുത്തുന്നതിനും മറ്റു വിവരങ്ങള്‍ അറിയാതിരിക്കാനും ടെലിവിഷനും പത്രങ്ങളും പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. എന്റെ കുടുംബം ഡസന്‍ കണക്കിന് പുസ്തകങ്ങള്‍ അയച്ചിരുന്നു.

എന്നാല്‍ അതില്‍ നിന്നും നാലെണ്ണം മാത്രമാണ് എനിക്ക് ഈ മാസം ലഭിച്ചത്. പേഴ്‌സണല്‍ ഡോക്ടറെ കാണാനുള്ള അവസരം പോലും നിഷേധിച്ചു. എന്റെ അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ടു,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍. നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് 2023 മുതല്‍ക്കാണ് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ അദ്ദേഹം ജയിലിലായത്.

ജയിലിലെ ഉദ്യോഗസ്ഥര്‍ തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്. എ.എസ്.പി സൈനബ്, എസ്.എച്ച്.ഒ ഐസാസ് എന്നിവര്‍ക്ക് എതിരെയാണ് ആരോപണം.

Content Highlight: Imran Khan has demanded that a case be registered against the Chief Minister Maryam Nawaz and senior government officials for denying basic facilities in the jail

We use cookies to give you the best possible experience. Learn more