ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ജയിലിൽ മരണത്തിലേക്ക് തള്ളിവിടപ്പെടുകയാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി ബ്രിട്ടൻ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശൗചാലയം ഉൾപ്പെടെ വെറും 6 അടി, 8 അടി മാത്രം വിസ്തീർണമുള്ള, പ്രാണികൾ നിറഞ്ഞ ഇടുങ്ങിയ സെല്ലിലാണ് 73-കാരനായ ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നതെന്ന് ബോറിസ് ജോൺസൺ എക്സിൽ കുറിച്ചു.
ദിവസങ്ങളോളം നീളുന്ന ഏകാന്ത തടവ്, വ്യായാമം ചെയ്യാനുള്ള സൗകര്യമില്ലായ്മ, ജനലുകളോ വെളിച്ചമോ ഇല്ലാത്ത അവസ്ഥ എന്നിവ അദ്ദേഹത്തിന്റെ ശാരീരിക-മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കൊടും ചൂടും തണുപ്പും സഹിച്ച് കഴിയുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം നൽകാതിരുന്നതിനെ തുടർന്ന് വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടതായും ബോറിസ് ജോൺസൺ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പുസ്തകങ്ങളോ പത്രങ്ങളോ വായിക്കാനോ സന്ദർശകരെ കാണാനോ അനുവദിക്കാതെ പുറംലോകവുമായി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് ഖാൻ കഴിയുന്നത്. ഇമ്രാൻ ഖാനെതിരെയുള്ള ഈ ജയിൽ പീഡനങ്ങളെ യു.എൻ പീഡനവിരുദ്ധ പ്രത്യേക സമിതിയും ആംനസ്റ്റി ഇന്റർനാഷണലും അപലപിച്ചിട്ടുണ്ടെന്നും മതിയായ ചികിത്സ നൽകണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ അധികാരം നഷ്ടപ്പെട്ടതു മുതൽ അദ്ദേഹത്തെ പൊതുരംഗത്തുനിന്ന് തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് നിരവധി രാഷ്ട്രീയ പ്രേരിത കേസുകളാണ് ചുമത്തിയത്. ഭൂരിഭാഗം കേസുകളും നിലനിൽപ്പില്ലാതെ തള്ളപ്പെട്ടെങ്കിലും അൽ-ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നിലവിൽ തടവ് അനുഭവിക്കുന്നത്. എന്നാൽ സർവകലാശാലാ ഇടപാടിൽ ഇമ്രാനോ ഭാര്യയോ വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണെന്നും ബോറിസ് ജോൺസൺ കുറിച്ചു.
ഇത്രയധികം മനുഷ്യത്വരഹിതമായ പീഡനങ്ങൾ അനുഭവിക്കാൻ മാത്രം ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ അപ്പീൽ ഒരു സ്വതന്ത്ര കോടതിയിൽ ഉടൻ പരിഗണിക്കണമെന്നും ബോറിസ് ജോൺസൺ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Content Highlight:Imran Khan Faces Death in Prison; Boris Johnson Calls for Urgent British Intervention.