ഇസ്‌ലാമാബാദ്: പാക് ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നേരില്‍ കണ്ട് സഹോദരി ഡോ. ഉസ്മ ഖാന്‍. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉസ്മയുടെ ജയില്‍ സന്ദര്‍ശനം.
ഏകാന്ത തടവില്‍ തുടരുന്ന ഇമ്രാന്‍ ഖാനെ ജയില്‍ അധികൃതര്‍ ശാരീരികമായും മാനസികമായും സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉസ്മ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇമ്രാന്‍ ജീവനോടെയുണ്ടെന്ന് അറിയിച്ച ഉസ്മ അദ്ദേഹത്തിന്റെ മരണവര്‍ത്തകള്‍ തള്ളുകയും ചെയ്തു.
ഇമ്രാന്‍ ഖാന് ആരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. മാനസിക പീഡനമാണ് അദ്ദേഹം നേരിടുന്നത്. ഇതിനെല്ലാം കാരണം ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണെന്നും ഉസ്മ ഖാന്‍ ആരോപിച്ചു
കഴിഞ്ഞയാഴ്ചയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. സഹോദരിമാര്‍ക്ക് അടക്കം ഇമ്രാന്‍ ഖാനെ കാണാന്‍ അനുമതി നിഷേധിച്ചതോടെ മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.
ഇതോടെ അഡിയാല ജയിലിന് പുറത്ത് ഇമ്രാന്‍ ഖാന്റെ അനുകൂലികള്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇമ്രാന്‍ ഖാനെ കാണാവാനുള്ള അവസരം കുടുംബാംഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത്.
നേരത്തെ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു.
പിന്നാലെ ആഴ്ചയില്‍ രണ്ട് തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഒന്നിലധികം തവണ ശ്രമിച്ചിട്ടും ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐയുടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിനുപിന്നാലെയാണ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉസ്മ ഖാന് അനുമതി ലഭിച്ചത്.
രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് 2024 ജനുവരിയിലാണ് ഇമ്രാന്‍ ഖാനെ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2022 ഏപ്രിലില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതുമുതല്‍, 72കാരനായ ഖാന്‍ 200ലധികം നിയമ കേസുകളില്‍ കുടുങ്ങുകയും 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയുമാണ്.
Content Highlight: Imran khan alive, sister usma khan visited jail