ലണ്ടന്‍: അവയവങ്ങള്‍ തകരാറിലായതിന് പിന്നാലെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സമ്മതിച്ച് ബ്രിട്ടന്റെ തടവിലുള്ള ഫലസ്തീന്‍ ആക്ഷന്‍ അംഗം മുഹമ്മദ് ഉമര്‍ ഖാലിദ്. രണ്ട് ദിവസം പൂര്‍ണമായും വെള്ളം കുടിക്കാതിരുന്നതോടെ ഖാലിദിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുകയായിരുന്നു.
നിലവില്‍ 17 ദിവസത്തെ നിരാഹാരസമരവും മൂന്ന് ദിവസത്തെ ദാഹസമരവുമാണ് ഉമര്‍ ഖാലിദ് അവസാനിപ്പിച്ചത്. ജയിലിലെ ഫോണ്‍ കോളുകള്‍, സന്ദര്‍ശനം തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഖാലിദ് ദാഹസമരം തുടങ്ങിയത്.
ഉമര്‍ ഖാലിദിന്റെ നിരാഹാരസമരം വിജയിച്ചതായി ബ്രിട്ടീഷ് ഫലസ്തീന്‍ സിനിമാ നിര്‍മാതാവും ഫലസ്തീന്‍ ആക്ഷന്‍ അനുകൂലിയുമായ സയീദ് താജി ഫറൂക്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാലിദിന്റെ പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ആര്‍.എ.എഫ് ബ്രൈസ് നോര്‍ട്ടണില്‍ അതിക്രമിച്ച് കയറിയതിന് പിന്നാലെ 22കാരനായ ഉമര്‍ ഖാലിദിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം ഖാലിദിനെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.
അന്യമായ തടങ്കല്‍ വ്യവസ്ഥയ്ക്കും ഫലസ്തീന്‍ ആക്ഷനെതിരായ നിരോധനത്തിലും പ്രതിഷേധിച്ചാണ് ഉമര്‍ ഖാലിദ് നിരാഹാരസമരം ആരംഭിച്ചത്.
എന്നാല്‍ ലിംബ്-ഗേര്‍ഡില്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക വൈകല്യമുള്ള ഖാലിദിന്റെ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിരാഹാരസമരത്തോടെ മന്ദഗതിയില്‍ ആകുകയായിരുന്നു.
രക്തസമ്മര്‍ദം ഉയര്‍ന്നതും ഖാലിദിന്റെ ആരോഗ്യനില വഷളാക്കി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ ഫലസ്തീന്‍ ആക്ഷനുമായി നേരിട്ട് ബന്ധമുള്ള എട്ട് പേരാണ് ബ്രിട്ടനിലെ തടവില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ 73 ദിവസം വരെ നിരാഹാരസമരം തുടര്‍ന്നിരുന്നു.
ഇസ്രഈല്‍ ബന്ധമുള്ള എല്‍ബിറ്റ് സിസ്റ്റംസ് എന്ന ആയുധ കമ്പനിയ്ക്ക് കരാര്‍ നല്‍കേണ്ടതില്ലെന്ന് യു.കെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ തടവിലുള്ള പലരും നിരാഹാരസമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Imprisoned Palestinian Action leader ends hunger strike after organ failure