| Tuesday, 26th December 2017, 10:39 am

ജി.എസ്.ടി കുറച്ചിട്ടും മരുന്നുകളുടെ വില പഴയ പടിതന്നെ: ജി.എസ്.ടി സാധാരണക്കാരായ രോഗികളെ ബാധിച്ചതിങ്ങനെ

എഡിറ്റര്‍

ജി.എസ്.ടി നികുതി സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേ ഇന്ത്യയില്‍ മരുന്ന് വിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവിനെക്കുറിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ മരുന്നുകളുടെ ജി.എസ്.ടി നിരക്ക്കുറച്ചു കൊണ്ടുള്ള വിഞ്ജാപനമിറങ്ങി മാസം പിന്നിട്ടിട്ടും വിലയില്‍ യാതൊരു കുറവുമില്ലെന്ന പരാതിയാണ് ഉപഭോക്താക്കളില്‍ നിന്നുയരുന്നത്.

മരുന്നുകളുടെ ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചിരിക്കുന്നത് എന്ന തെറ്റായ ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് പല മെഡിക്കല്‍ ഷോപ്പുകളും, മെഡിക്കല്‍ ഏജന്റുമാരും ജനങ്ങളെ പിഴിയുന്നത്. ജി.എസ്.ടി സമ്പ്രദായം എന്താണ് എന്നുപോലും അറിയാത്ത സാധാരണക്കാരാണ് ഇത്തരം പകല്‍കൊള്ളയ്ക്ക് ഇരകളാക്കപ്പെടുന്നത്.

“ജിഎസ്ടി അതെന്താണെന്ന് അറിയില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രതിരോധക്കുറവിനുളള വൈറ്റമിന്‍ ഗുളിക കഴിക്കുന്നുണ്ട്. മാസങ്ങളായി ഞാന്‍ 93 രൂപയ്ക്കാണ് ഒരു മാസത്തേയ്ക്ക് വേണ്ടിയുള്ള ഗുളിക മെഡിക്കല്‍ ഷോപ്പുവഴി വാങ്ങുന്നത്.” മലപ്പുറം സ്വദേശിനിയായ എഴുപതുകാരി പത്മാവതിയമ്മ പറയുന്നു.

ഫെരസ് ഫ്യൂമറേറ്റ് ആന്റ് ഫോളിക് ആസിഡ് എന്ന ഗുളികയാണ് പത്മാവതിയമ്മ കഴിക്കുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പും, ശേഷവും, നിരക്ക് ഭേദഗതി ചെയ്തതിന് ശേഷവുമെല്ലാം ഫെരസ് ഫ്യൂമറേറ്റ് ആന്‍ഡ് ഫോളിക്ക് ആസിഡ് എന്ന മരുന്ന് ഒരേ വിലയിലാണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.

ജി.എസ്.ടി പ്രഖ്യാപനത്തിന് ശേഷം ജീവന്‍ രക്ഷാ മരുന്നുകളുടെ വിലവര്‍ധനവും, അതേ തുടര്‍ന്നുണ്ടായ അപാകതകളും പരിഹരിക്കുന്നതിന് വേണ്ടിയാണ് 2017 നവംബര്‍ 10ന് ഗുവാഹത്തിയില്‍ നടന്ന ഇരുപത്തി മൂന്നാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും ജി.എസ്.ടി നിരക്ക് 5 ശതമാനമായി ഏകീകരിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റി പ്രഖ്യാപിച്ചത്.

വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനവും, 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനവുമായി ഏകീകരിക്കാനായിരുന്നു യോഗത്തിന്റെ ആദ്യ തീരുമാനം. പക്ഷേ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പട്ടികയിലെ ചില മരുന്നുകള്‍ ഇന്ന് നിലവിലില്ലെന്ന പരാതി ഉയര്‍ന്നു, തുടര്‍ന്നാണ് 5 ശതമാനമായി നിജപ്പെടുത്താന്‍ തീരുമാനമായത്.

പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ മരുന്ന് വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. പഴയ വിലയിലുള്ള മരുന്നുകള്‍ മാര്‍ക്കറ്റില്‍ വില്‍ക്കരുതെന്നും, പുതുക്കിയ നിരക്ക് കവറുകള്‍ക്ക് പുറത്ത് പ്രസിദ്ധീകരിക്കുകയോ, പഴയ വിലയിലുള്ളവ കമ്പനികള്‍ തിരിച്ചെടുക്കുകയോ, സാങ്കേതിക പരമായി ഇതുമായി ബന്ധപ്പെട്ട എല്ലാ സോഫ്റ്റ് വെയറുകളിലും പുതുക്കിയ വില രേഖപ്പെടുത്തകയോ ചെയ്യാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇതിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതിവര്‍ഷം 700 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

പക്ഷേ സര്‍ക്കാര്‍ വിഞ്ജാപനം പ്രായോഗികമല്ലെന്നാണ് സംസ്ഥാനത്ത് ഏറ്റവുമധികം മെഡിക്കല്‍ ഷോപ്പുകളുള്ള മലപ്പുറം ജില്ലയിലെ ഒരു മെഡിക്കല്‍ ഏജന്റ് അഭിപ്രായപ്പെടുന്നത്. മാര്‍ക്കറ്റില്‍ വിതരണം ചെയ്ത മരുന്നുകള്‍ പുനര്‍ശേഖരണം നടത്തി അവയില്‍ പുതുക്കിയ വില നല്‍കി വീണ്ടും മാര്‍ക്കറ്റില്‍ എത്തിക്കുന്നത് ചിലവേറിയതും, അസാധ്യവുമാണെന്ന് അദ്ദേഹം പറയുന്നു. ഇതിന് ഏറെ കാല താമസമെടുക്കുമെന്നും, ഇത് മരുന്ന് ക്ഷാമത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

“ഒരു മരുന്ന് അതിന്റെ ഉപഭോക്താവിന്റെ കൈയിലെത്തുന്നത് മൂന്നു ഘട്ടങ്ങളിലൂടെ കടന്നാണ് അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രയോഗികവും, അപ്രസക്തവുമാണ്.” അദ്ദേഹം പറയുന്നു.

മാര്‍ക്കറ്റില്‍ ഇറക്കിയ സ്റ്റോക്കുകളുടെ വില്‍പ്പന കഴിഞ്ഞതിന് ശേഷമേ പുതുക്കിയ നിരക്കുകള്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളു എന്നാണ് കമ്പനികള്‍ പറയുന്നതെന്ന് ഏജന്റ് മറ്റൊരു കാരണമായി പറയുന്നുണ്ട്. എന്നാല്‍ കൃത്യമായ നിരക്കില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നാണ് ചില മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നത്. കമ്പനികളില്‍ നിന്ന് ഏജന്റുകള്‍ മുഖാന്തിരം എത്തുന്ന മരുന്നുകള്‍ ഞങ്ങള്‍ വില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന കാരണം പറഞ്ഞ് ഉടമകള്‍ കൈ മലര്‍ത്തുന്നു.

മരുന്നു വില കുറഞ്ഞില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഷോപ്പുടമകള്‍ക്ക് കഴിയുന്നില്ലെന്നാണ് മറ്റൊരു ഉപഭോക്താവ് പറയുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലും ഉറപ്പില്ലാത്ത സ്ഥിതിയ്ക്ക് ഷോപ്പുടമയ്ക്ക് എങ്ങനെ അറിയാനാകും എന്നാണ് പരിഹാസ രൂപത്തില്‍ അദ്ദേഹം പ്രതികരിച്ചത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ മരുന്ന് വാങ്ങുന്നതിനായി വീട് പണയം വെയ്‌ക്കേണ്ട സാഹചര്യമാണെന്ന് പല അനുഭവസ്ഥരും പറയുന്നു. മരുന്നുകളുടെ ജി.എസ്.ടി കുറച്ചു എന്ന വാര്‍ത്ത ഏറെ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരമായി മരുന്നിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന നിസഹായരുടെ അഭിപ്രായം.

വില കുറച്ചു എന്നത് പ്രഹസനം മാത്രമാണെന്നും , ജി.എസ്.ടി കുറച്ചതിന് ആനുപാതികമായ വില നിശ്ചയിക്കുമ്പോള്‍
അതിനുണ്ടാകാവുന്ന തടസങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും, ജി.എസ്.ടി കുറയുന്നതിനനുസരിച്ച് മരുന്നുകളുടെ വില കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, കുത്തക മരുന്ന് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ ഒന്നടങ്കം പറയുന്നു.

2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി എന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കുന്നത്. ഏകീകൃത നികുതി സമ്പ്രദായം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതിലൂടെ നികുതി വെട്ടിപ്പ് തടയുകയും, രാജ്യത്തെ നികുതി വരുമാനം ഉയര്‍ത്തുകയും, നികുതി കുറയുന്നതിലൂടെ പല ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറയുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.

പക്ഷേ തുടക്കം മുതല്‍ ജനങ്ങള്‍ക്കിടയില്‍ ഇതുമായ ബന്ധപ്പെട്ട ആശങ്കകള്‍ നിലനിന്നിരുന്നു. ജി.എസ്.ടി കുറയ്ക്കുന്ന ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വില കുറയുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്ത പക്ഷം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പദ്ധതി ഗുണം ചെയ്യില്ലെന്നും, നികുതി വരുമാനത്തില്‍ വരുന്ന കുറവുകള്‍ ഉപഭോക്താക്കള്‍ക്കാണോ, കുത്തക മുതലാളിമാര്‍ക്കാണോ ഗുണം ചെയ്യുന്നതെന്ന് കണക്ക് കൂട്ടാന്‍ സാധിക്കാതിരുന്നാല്‍ ജി.എസ്.ടി പൂര്‍ണ പരാജയമായിരിക്കുമെന്നും കേരള ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ജി.എസ്.ടി വന്നതിലൂടെ മരുന്ന് കമ്പനികളടക്കമുള്ള എല്ലാ കുത്തക മുതലാളിമാര്‍ക്കും വില നിര്‍ണയത്തില്‍ തന്നിഷ്ടം കാണിക്കാനും , ജനങ്ങളെ പിഴിയാനുമുള്ള ലൈസന്‍സ് കിട്ടിയെന്ന് നാസര്‍ എന്ന ഉപഭോക്താവ് പറയുന്നു. മരുന്നുകള്‍ക്ക് സാധാരണയായി 12 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുമ്പോള്‍ പോലും 2.3 ശതമാനം വില വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അപ്പോള്‍ 18ഉം, 28 ഉം ശതമാനം രേഖപ്പെടുത്തുമ്പോളുണ്ടാകുന്ന വില വര്‍ധന വളരെ കൂടുതലായിരിക്കുമെന്നും വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടയില്‍ ഫാര്‍മസിക്ക്യൂട്ടിക്കല്‍ വില നിര്‍ണയ അതോറിറ്റി (എന്‍.പി.പി.എ) കഴിഞ്ഞ ഒരു മാസത്തിനിടെ 92 മരുന്നുകളുടെ വില ചെറിയ തോതില്‍ കുറച്ചിട്ടുണ്ട്. പക്ഷേ പഴയ സ്റ്റോക്കുകള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനാല്‍ പുതുക്കിയ നിരക്കില്‍ ഉപഭോക്താക്കളിലേയ്‌ക്കെത്താന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഡിസംബര്‍ 18 നാണ് പ്രമേഹം, അണുബാധ , വേദന, രക്തസമ്മര്‍ദം, എന്നിവ ഉള്‍പ്പെടുന്ന 92 ഇനങ്ങള്‍ക്ക് വില കുറച്ചിട്ടുള്ളത്.

Image result for gst and medicine rate

അര്‍ബുദ ചികിത്സയ്ക്കുള്ള ബോര്‍ട്ടിസോമിബ് ഇഞ്ചക്ഷന്റെ വില 17640 ല്‍ നിന്ന് 12500 രൂപയായും, ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ക്കുള്ള സോഫോസ്ബുറിന്‍ വെല്‍ വാറ്റാസ് വിറിന്റെ വില 15,625 രൂപയാക്കിയും നിജപ്പെടുത്തി. പക്ഷേ ഇതെല്ലാം എന്ന് തങ്ങള്‍ക്ക് ലഭ്യമാകുമെന്ന ആശങ്കയാണ് ഉപഭോക്താക്കാള്‍ പങ്ക് വെയ്ക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10 ശതമാനം വില വര്‍ധിപ്പിക്കാനും കമ്പനികള്‍ക്ക് അനുമതി നല്‍കിയതാണ് മറ്റൊരാശങ്ക.

ഫാര്‍മ മേഖലകളില്‍ മാത്രമല്ല ജി.എസ്.ടി എല്ലാ മേഖലകളിലും ഉണ്ടാക്കുന്ന പ്രതിഫലനം ഏകദേശം തുല്യമാണ്. അവശ്യ സാധനങ്ങളടക്കം പല ഉല്‍പന്നങ്ങളുടെയും ജി.എസ്.ടി കുറഞ്ഞിട്ടും വിലയില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

ജി.എസ്.ടിയ്ക്ക് അനുസൃതമായി വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും, ഇത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നുമാണ് പൊതുവെ ഉപഭോക്താക്കള്‍ ഒന്നടങ്കം പറയുന്നത്. ജി.എസ്.ടിയുടെ മറവില്‍ കമ്പനികള്‍ അഥവാ ഉല്പാദകരും, കച്ചവടക്കാരും സാധാരണക്കാരെ വഞ്ചിച്ച് ലാഭം കൊയ്യുകയാണെന്ന അഭിപ്രായവുമുണ്ട്. പച്ചക്കറിയടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് പല കച്ചവട സ്ഥാപനങ്ങളില്‍ പല വില നല്‍കേണ്ടി വരുന്ന പഴയ അവസ്ഥ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് വീട്ടമ്മമാരുടെ അഭിപ്രായം.

മരുന്നു വിലയിലെങ്കിലും സാധാരണക്കാരനെ വഞ്ചിക്കാതിരുന്നു കൂടെ എന്നാണ് പലരും നിസഹായതയുടെ സ്വരത്തില്‍ ചോദിക്കുന്നത്. ജി.എസ്.ടിയുടെ മറവില്‍ വ്യാജ മരുന്നുകളുടെ വ്യാപനവും, റാക്കറ്റുകളും രൂക്ഷമാകുന്നുണ്ടെന്നാണ് അടുത്തിടെ വന്ന ചില മാധ്യമ വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചില ഡോക്ടര്‍മാരും കമ്പനികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളും അക്കൂട്ടത്തില്‍ പെടുന്നു.

ഏജന്റുമാരെ മുന്‍ നിര്‍ത്തിയുള്ള മരുന്ന് കമ്പനികളുടെ ലാഭക്കൊള്ളയില്‍ ഇരകളാകുന്നത് സാധരണക്കാരാണ്. മരുന്ന് കമ്പനികളുടെ പകല്‍ കൊള്ളയ്ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്. മരുന്നുകൊള്ളയിലെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോള്‍ സാധാരണക്കാരുടെ അപേക്ഷ.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more