ന്യൂദല്‍ഹി: കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യവിരുദ്ധപ്രവൃത്തികള്‍, മനുഷ്യക്കടത്ത്, ചാരവൃത്തി, ഭീകരപ്രവര്‍ത്തനം, ബലാത്സംഗം, കൊലപാതകം, നിരോധിത ഭീകരസംഘടനയിലെ അംഗത്വം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വിദേശികള്‍ ഇന്ത്യയില്‍ പ്രവേശിക്കാനും താമസിക്കാനും പാടില്ല.
പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം അത്തരം വിദേശികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതുവരെ അവരുടെ സഞ്ചാരം നിയന്ത്രിക്കും.
അതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോടും ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൂടാതെ, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കടത്ത്, വ്യാജ യാത്രാരേഖകള്‍, കറന്‍സി (ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടെ) എന്നിവയിലെ റാക്കറ്റിംഗ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ അല്ലെങ്കില്‍ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയാലും പ്രവേശനം നിഷേധിക്കാം.
ഏത് ഇന്ത്യന്‍ വിസയായാലും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡായാലും അപേക്ഷിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
അനധികൃത കുടിയേറ്റക്കാരെ പിടികൂടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന് അതിര്‍ത്തിരക്ഷാസേനകളെയും തീരരക്ഷാസേനയെയും മന്ത്രാലയം അറിയിച്ചു. ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട പോര്‍ട്ടലിലേക്കു കൈമാറുകയും വേണം.
പര്‍വതാരോഹണത്തിനും സംരക്ഷിതമേഖലയിലോ നിയന്ത്രിതമേഖലയിലോ കടക്കുന്നതിനും താമസിക്കുന്നതിനും അനുമതി ആവശ്യമാണ്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍, ചൈന, അല്ലെങ്കില്‍ പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആരെയും അത്തരം നിയന്ത്രിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നീ മുഴുവന്‍ സംസ്ഥാനങ്ങളും, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും ഇന്ത്യയുടെ നിയന്ത്രിത മേഖലകളില്‍ ഉള്‍പ്പെടുന്നു.
സിവില്‍ അധികൃതരുടെ അനുമതിയില്ലാതെ ഊര്‍ജ, ജല വിതരണമേഖലയിലെയും പെട്രോളിയം മേഖലയിലെയും സ്വകാര്യസംരംഭങ്ങളില്‍ ജോലി സ്വീകരിക്കരുത്.
ഇന്ത്യയില്‍ ചലച്ചിത്ര, ഡോക്യുമെന്ററി പ്രദര്‍ശനങ്ങളോ നടത്തണമെങ്കിലും വിദേശികള്‍ രേഖാമൂലം അനുമതിവാങ്ങണം.
Content Highlight: Immigration and Foreigners Act; Foreigners involved in crimes will not be allowed to enter India