ന്യൂയോര്ക്ക്: യു.എസില് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ വിമര്ശകയായ കോണ്ഗ്രസ് അംഗം ഇല്ഹാന് ഒമറിന്റെ വീട്ടില് ഹോംലാന്ഡ് സെക്യൂരിറ്റി ഇന്വെസ്റ്റിഗേഷന്സ് (എച്ച്.എസ്.ഐ) ഫെഡറല് ഏജന്റുമാര് തിങ്കളാഴ്ച റെയ്ഡ് നടത്തി. കുടിയേറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പ് നടത്തിയെന്ന ഇല്ഹാന് ഒമറിനെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വാഷിങ്ടണിലുള്ള അവരുടെ വീട്ടില് എച്ച്.എസ്.ഐ റെയ്ഡ് നടത്തിയത്.
നീതിന്യായ വകുപ്പുമായി (ഡി.ഒ.ജെ) സംയുക്തമായാണ് എച്ച്.എസ്.ഐ റെയ്ഡ് നടത്തിയതെന്ന് യു.എസ് ബോര്ഡര് വിഭാഗം മേധാവി ടോം ഹോമാനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ഡിജിറ്റല് റിപ്പോര്ട്ട് ചെയ്തു. റെയ്ഡിനിടെ എച്ച്.എസ്.ഐ ഉദ്യോഗസ്ഥര് അവരുടെ വീട്ടില് നിന്ന് പെട്ടികളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും യു.എസ് മാധ്യമങ്ങള് പുറത്തുവിട്ടിരുന്നു.
താന് സുരക്ഷിതയാണെന്ന് റെയ്ഡിന് ശേഷം ഉമര് എക്സ് പോസ്റ്റില് കുറിച്ചു. റെയ്ഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്ന നടപടികളുടെ ഭാഗമാണെന്നും അവര് പറഞ്ഞു. കഴിഞ്ഞ പത്ത് വര്ഷമായി തനിക്കെതിരെ ട്രംപ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും അവര് ചൂണ്ടിക്കാട്ടി.
‘തെറ്റിദ്ധരിക്കരുത്, ഇത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നതിനും ഫെഡറല് നിയമപാലന സംവിധാനത്തെ ആയുധമാക്കുന്നതിനുമുള്ള ശ്രമമാണ്. കഴിഞ്ഞ പത്ത് വര്ഷമായി, അടിസ്ഥാനരഹിതമായ നുണകളും അപവാദ പ്രചാരണങ്ങളും ഉപയോഗിച്ച് ട്രംപ് എന്നെ ലക്ഷ്യമിടുന്നു. രാഷ്ട്രീയമായി ഭീഷണിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളുടെ ഏറ്റവും പുതിയ ഘട്ടമാണിത്. എന്നെ നിശബ്ദയാക്കാന് കഴിയില്ല.’ ഒമര് എക്സ് പോസ്റ്റില് കുറിച്ചു.
സോമാലിയയില് ജനിച്ച ഇല്ഹാന് ഒമര് നിയമപരമായ യു.എസ് പൗരയാണോ എന്ന് അന്വേഷിക്കണമെന്ന് ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ ആവശ്യങ്ങള്ക്കായി അവര് സ്വന്തം സഹോദരനെ വിവാഹം കഴിച്ചുവെന്ന് പോലും ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഒമര് വ്യക്തമാക്കുകയും ചെയ്തിരുന്നു.
2018ലാണ് ഒമര് യു.എസ് ജനപ്രതിനിധി സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് കോണ്ഗ്രസിലെത്തുന്ന ആദ്യ ഹിജാബ് ധാരിയായ മുസ്ലിം വനിതയായി അവര് മാറി. ഡൊണാള്ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലം മുതല്ക്കേ ഇല്ഹാന് ഒമറിനെ നിരന്തരം ലക്ഷ്യമിടുന്നുമുണ്ട്.
അതേസമയം, ഇല്ഹാന് ഒമറിന്റെ വീട്ടിലെ റെയ്ഡിനെ ഡെമോക്രാറ്റിക് നേതാക്കള് അപലപിച്ചു. ‘രാഷ്ട്രീയ എതിരാളികളെ ഇത്തരത്തില് ലക്ഷ്യമിടുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്ന കാര്യമാണ്,’ എന്ന് കാലിഫോര്ണിയയില് നിന്നുള്ള കോണ്ഗ്രസ് അംഗം റോ ഖന്ന എക്സില് പങ്കുവെച്ച വീഡിയോയില് പറഞ്ഞു.
‘മുസ് ലിം-അമേരിക്കക്കാരെയും ഒരു മുസ് ലിം-അമേരിക്കന് വനിതാ ജനപ്രതിനിധിയെയും ലക്ഷ്യമിടുന്നത് ആശങ്കാജനകമാണ്. അന്തസ്സുള്ള ഏതൊരു അമേരിക്കക്കാരനും ഇതിനെതിരെ ശബ്ദമുയര്ത്തേണ്ടതുണ്ട്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കുട്ടികളെ അറസ്റ്റ് ചെയ്യാനും നിരപരാധികളായ പൗരന്മാരെ വെടിവെക്കാനും, ഇപ്പോള് ഒരു യു.എസ് കോണ്ഗ്രസ് വനിതയുടെ വീട്ടില് റെയ്ഡ് നടത്താനും ട്രംപ് ഐ.സി.ഇയെ (ഇമിഗ്രേഷന് ആന്ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്റ്) നിയോഗിച്ചിരിക്കുന്നെന്ന് ടെക്സാസില് നിന്നുള്ള കോണ്ഗ്രസ് അംഗം ഗ്രെഗ് കാസര് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പാര്ട്ടിക്ക് അത് ഗുണം ചെയ്യുമെന്ന് ട്രംപ് കരുതുന്നെന്നും കാസര് പറഞ്ഞു.
‘ഇല്ഹാന് ഒമര് ഉറച്ചുനില്ക്കുന്നു. നമ്മുടെ രാജ്യത്തോട് തോന്നുന്നതെന്തും ചെയ്യാന് ട്രംപിനെ അവര് അനുവദിക്കില്ല. അതുപോലെ പ്രവര്ത്തിക്കേണ്ടത് നമ്മളാണ്,’ എന്നും കാസര് എക്സ് പോസ്റ്റില് പറഞ്ഞു.
ഈ സാഹചര്യം അറപ്പുളവാക്കുന്നതാണെന്ന് വാഷിംഗ്ടണില് നിന്നുള്ള കോണ്ഗ്രസ് അംഗം പ്രമീള ജയ്പാല് യു.എസ് ഭരണകൂടത്തിന്റെ നടപടിയെ വിശേഷിപ്പിച്ചു. വര്ഷങ്ങളായി ഇല്ഹാന് ഒമറിനെയും മൊത്തം സൊമാലിയന്-അമേരിക്കന് ജനവിഭാഗത്തെയും ആക്രമിക്കുന്നതില് ട്രംപ് അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും അവര് പറഞ്ഞു. അമേരിക്കന് ജനതയ്ക്കിടയില് തനിക്കുള്ള കടുത്ത ജനപ്രീതിയില്ലായ്മയില് നിന്ന് ശ്രദ്ധ തിരിക്കാന് എന്ത് ക്രൂരതയും ചെയ്യാന് മടിക്കാത്ത ഏകാധിപത്യ സ്വഭാവമുള്ള പ്രസിഡന്റ് എന്നും അവര് ട്രംപിനെ വിശേഷിപ്പിച്ചു.
Content Highlight: Immigration agents raid home of Congresswoman Ilhan Omar