വലിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ ജനത്തിരക്കുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓണം സീസണാണ് കളമൊരുങ്ങുന്നത്. യുവതാരങ്ങളുടെ സിനിമകള്‍ക്കൊപ്പം മോഹന്‍ലാലും മത്സരിക്കുന്ന ഓണം ക്ലാഷാണ് ഇത്തവണ അരങ്ങേറുന്നത്. വ്യത്യസ്ത ഴോണറുകളിലെ സിനിമകളില്‍ ആരാകും വിജയി എന്ന് ഉറപ്പിച്ച് പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഓണം റിലീസുകളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍. തരംഗത്തിന് ശേഷം അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രം പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായാണ് ലോകാഃ ഒരുങ്ങുന്നത്.
ഇതുവരെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ക്വാളിറ്റിയുള്ളവയായിരുന്നു. ഒരു ഗ്രാഫിക് നോവലിന്റെ പ്രതീതിയുളവാക്കുന്ന ചിത്രമാണ് ലോകാഃ എന്ന് ടീസറും ട്രെയ്‌ലറും ഉറപ്പുനല്‍കുന്നു. ലാര്‍ജ് വൈഡ് ലെന്‍സില്‍ ചിത്രീകരിച്ച സിനിമ ഫ്‌ളാറ്റ് സ്‌ക്രീനുകളില്‍ മാത്രമേ ഫുള്‍ സ്‌ക്രീന്‍ അനുഭവം ലഭിക്കുകയുള്ളൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
EPIQ, PXL സ്‌ക്രീനുകളില്‍ മാത്രമേ ലോകാഃ ഫുള്‍സ്‌ക്രീനില്‍ കാണാന്‍ സാധിക്കുള്ളൂ. നോര്‍മല്‍ സ്‌ക്രീനുകളില്‍ സ്‌ക്രീനിന്റെ ഇരുഭാഗത്തും ബ്ലാക്ക് ബാറുകളുണ്ടാകും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ലോകാഃയുടെ മാര്‍ക്കറ്റിങ് ടീമിന് വന്ന വലിയൊരു പിഴവാണ്. ചിത്രം ഐമാക്‌സിലും റിലീസുണ്ടാകുമെന്ന് വേഫറര്‍ ഫിലിംസ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.
ഐമാക്‌സില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാളം സിനിമയെന്ന രീതിയില്‍ പലരും ഇക്കാര്യം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഐമാക്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയല്‍ ഈ വാര്‍ത്ത തള്ളിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇത് സത്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രീതം തന്റെ പോസ്റ്റ് ആരംഭിച്ചത്.
‘ഇത് സത്യമല്ല. ഐമാക്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഒരാളാണ് ഇക്കാര്യം എനിക്ക് ചൂണ്ടിക്കാണിച്ചത്. അതിന് ഞാന്‍ അയാളോട് നന്ദി പറയുകയാണ്,’ എന്നാണ് പ്രീതം തന്റെ പോസ്റ്റില്‍ പറഞ്ഞത്. സംഗതി വൈറലായതോടെ വേഫറര്‍ ഫിലിംസിന്റെ മാര്‍ക്കറ്റിങ് ടീമിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.
‘വലിയൊരു സിനിമ ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണ്ടേ’ എന്നാണ് പലരും ചോദിക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധ കിട്ടാന്‍ പോയിട്ട് ഇന്റര്‍നാഷണല്‍ ലെവലില്‍ നാറിപ്പോയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നോര്‍മല്‍ ക്യാമറയില്‍ ചിത്രീകരിച്ച് ഐമാക്‌സിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നത് ഉഡായിപ്പ് പരിപാടിയാണെന്നും ചിലര്‍ കമന്റ് ചെയ്തു.
ഐമാക്‌സില്‍ പുറത്തിറങ്ങിയ ഒരേയൊരു മലയാളം സിനിമ എമ്പുരാന്‍ മാത്രമാണ്. ഏരീ അലക്‌സ ക്യാമറയില്‍ ചിത്രീകരിച്ചതിനാല്‍ ഐമാക്‌സിലും ഫുള്‍ സ്‌ക്രീന്‍ ദൃശ്യാനുഭവമല്ല എമ്പുരാന് ലഭിച്ചത്. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസുമായി ഭാവിയില്‍ സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രീതം ഡാനിയല്‍ പുതിയ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
Content Highlight: IMAX vice president saying Lokah movie Imax release is not true