| Tuesday, 26th August 2025, 6:50 am

അഞ്ച് മത്സരത്തില്‍ മൂന്ന് സെഞ്ച്വറി; ഋതുരാജിന് പകരമെത്തിയ പാക് താരം കസറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ വണ്‍ ഡേ കപ്പില്‍ മൂന്നാം സെഞ്ച്വറിയുമായി പാക് സൂപ്പര്‍ താരം ഇമാം ഉള്‍ ഹഖ്. ടൂര്‍ണമെന്റില്‍ യോര്‍ക്‌ഷെയറിന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ ഇന്ത്യന്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായെത്തിയ ഇമാം 102.60 ശരാശരിയിലാണ് ബാറ്റ് വീശുന്നത്.

അര്‍ധ സെഞ്ച്വറിയുമായാണ് ഇമാം ടൂര്‍ണമെന്റ് ആരംഭിച്ചത്. വാര്‍വിക്‌ഷെയറിനെതിരെ 55 റണ്‍സടിച്ച താരം നോര്‍താംപ്ടണ്‍ഷെയറിനെതിരെ സെഞ്ച്വറിയുമായി തിളങ്ങി. 130 പന്തില്‍ 159 റണ്‍സാണ് നോര്‍താംപ്ടണ്‍ഷെയറിനെതിരെ ഫ്യൂച്ചര്‍ പാക് ലെജന്‍ഡ് അടിച്ചെടുത്തത്. ഇമാമിന്റെ കരുത്തില്‍ ടീം 202 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കിയിരുന്നു.

ലങ്കാഷെയറിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ മത്സരത്തിലും യോര്‍ക്‌ഷെയറിന്റെ ടോപ് സ്‌കോറര്‍ ഇമാമായിരുന്നു. 124 പന്ത് നേരിട്ട താരം 117 റണ്‍സാണ് അടിച്ചത്.

മിഡില്‍സെക്‌സിനെതിരായ ലോ സ്‌കോറിങ് ഗെയ്മിലും ഇമാം തന്റെ മാജിക് പുറത്തെടുത്തു. 66 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് താരം നേടിയത്. മിഡില്‍സെക്‌സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ടീം 27 ഓവറില്‍ മറികടക്കുകയും ചെയ്തു.

ഒടുവില്‍ സസക്‌സിനെതിരെ 105 പന്തില്‍ 106 റണ്‍സുമായാണ് ഇമാം തിളങ്ങിയത്. ഫസ്റ്റ് സെന്‍ട്രല്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 100.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്. ഒരിക്കല്‍ക്കൂടി ഇമാം തന്നെയായിരുന്നു യോര്‍ക്‌ഷെയറിന്റെ ടോപ് സ്‌കോററും.

സസക്‌സ് ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യോര്‍ക്‌ഷെയര്‍ മറികടക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് നടക്കുന്ന മത്സരത്തില്‍ കെന്റാണ് യോര്‍ക്‌ഷെയറിന്റെ എതിരാളികള്‍. കെന്റിന്റെ തട്ടകമായ സെന്റ് ലോറന്‍സിലെ ദി സ്പിറ്റ്ഫയര്‍ ഗ്രൗണ്ടാണ് വേദി.

ടൂര്‍ണമെന്റില്‍ നിലവില്‍ നോര്‍ത്ത് ഗ്രൂപ്പില്‍ ഒമ്പതാം സ്ഥാനത്താണ് യോര്‍ക് ഷെയര്‍. 14 മത്സരത്തില്‍ നിന്നും അഞ്ച് ജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. ഡെര്‍ബിഷെയര്‍ മാത്രമാണ് യോര്‍ക് ഷെയറിന് താഴെയുള്ളത്.

14 മത്സരത്തില്‍ നിന്നും ഒമ്പത് ജയവുമായി ലങ്കാഷെയറാണ് പട്ടികയില്‍ ഒന്നാമത്.

Content Highlight: Imam Ul Haq’s brilliant performance for Yorkshire in Royal One Day Cup

We use cookies to give you the best possible experience. Learn more