| Monday, 13th July 2026, 10:31 am

രക്തസാക്ഷി ദിനത്തിന് മുന്നോടിയായി തന്നെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിലിട്ടതായി ഇല്‍തിജ

റെന്വര്‍ പി

ശ്രീനഗര്‍: കശ്മീരില്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജൂലൈ 13ന് മുന്നോടിയായി തന്നെയും വീട്ടുതടങ്കലിട്ടതായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് ഇല്‍തിജ മുഫ്തി. തനിക്ക് പുറമെ മാതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇല്‍തിജ അറിയിച്ചു.

ജമ്മുകശ്മീരില്‍ സ്ഥാപിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന സാധാരണ നില ഇതാണോ എന്ന് ഇല്‍തിജ ചോദിച്ചു.

‘ജമ്മു കശ്മീര്‍ പൊലീസ് അവര്‍ക്ക് അറിയാവുന്ന എന്തോ കാരണത്താല്‍ രക്തസാക്ഷി ദിനത്തിന് മുമ്പുള്ള വൈകുന്നേരം ഞങ്ങളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതാണോ അവര്‍ കശ്മീരില്‍ സ്ഥാപിച്ചതായി പറയുന്ന സാധാരണ അവസ്ഥ?’ ഇല്‍തിജയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

സിദ്രയിലെ പൊലീസിനെ ഉപയോഗിച്ച് വീടുകള്‍ പൊളിച്ച് മാറ്റുന്നതിലും ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ എതിരാളികളെ തടങ്കലിലിടുന്നതിലും പ്രാദേശിക ഭരണകൂടവും ഒപ്പമുണ്ടെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്നലെ (ജൂലൈ 12, ഞായര്‍) വൈകിട്ടാണ് ഇല്‍തിജ ഈ പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്.


പഹല്‍ഗാമില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതായി പറയുന്ന ഒരു പോസ്റ്റും ഇല്‍തിജ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പരിസ്ഥിത ലോലമായ പഹല്‍ഗാമില്‍ ഒരു മാഫിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നാണ് ഇല്‍തിജ പറഞ്ഞത്.

ഈ മാഫിയയെ വേരോടെ പിഴുതു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് തങ്ങളെ വീട്ടുതടങ്കിലിലാക്കിയതായി ഇല്‍തിജ അറിയിച്ചത്.

ഇല്‍തിജയുടെ സഹോദരിയായ ഇര്‍തികയെയും പൊലീസ് വീട്ടു തടങ്കലിലാക്കിയിരുന്നു. തടങ്കലിനെ ഇര്‍തികയും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദ്യം ചെയ്തു.

‘എന്തിനാണ് ഞങ്ങളെ വീട്ടുതടങ്കലിലാക്കിയത്. ഞാന്‍ രാഷ്ട്രീയക്കാരിയല്ല. അപ്പോള്‍ എന്നെ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കാത്തത് എന്റേതല്ലാത്ത കാരണത്താലാണ്. ഇന്നല്ലല്ലോ രക്ത സാക്ഷി ദിനം,’ ഇര്‍തിക ഇന്നലെ വൈകിട്ട് കുറിച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു.

എല്ലാ വര്‍ഷവും ജൂലൈ 13നാണ് കശ്മീരില്‍ രക്തസാക്ഷി ദിനം ആചരിക്കുന്നത്. 1931ല്‍ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് 22 കശ്മീരി മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഓര്‍മക്കായാണ് ദിനാചരണം.

കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ശിക്ഷിച്ച അബ്ദുല്‍ ഖദീര്‍ എന്നയാളുടെ വിചാരണക്ക് സാക്ഷിയാവാന്‍ ജയിലിന് പുറത്ത് എത്തിയവരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

2019ല്‍ ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ജൂലൈ 13 ഔദ്യോഗികായി രക്തസാക്ഷി ദിനമായി ആചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അടക്കമുള്ള കശ്മീരിലെ നേതാക്കാളെ ജമ്മു കശ്മീര്‍ പൊലീസ് ഈ ദിവസം വീട്ടുതടങ്കലിലാക്കിയിരുന്നു.

Content Highlight: Iltija Mufti says she was under house detention with mother Mehbooba

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more