| Monday, 12th October 2026, 10:28 pm

ക്ലോസ് റേഞ്ചില്‍ ഫയര്‍ ചെയ്ത ബുള്ളറ്റ്, ഹെയര്‍പിന്‍ വെച്ചെടുക്കുന്നു; പ്രഥമ ദൃഷ്ട്യയിലെ ലോജിക്കില്ലായ്മ തീരുന്നില്ല

അശ്വിന്‍ രാജേന്ദ്രന്‍

മോളിവുഡില്‍ നിന്നും ഇൗ വര്‍ഷം വിജയം സ്വന്തമാക്കിയ മറ്റൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു. പാര്‍വതി തിരുവോത്ത്, മാത്യു തോമസ് സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: District

ഒരു പൊലീസ് സ്റ്റേഷനെയും അവിടെ നടക്കുന്ന കൊലപാതകത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയെ പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. അര്‍ധരാത്രിയില്‍ സ്റ്റേഷനിലെത്തുന്ന അക്രമിയുമായി ഉണ്ടാകുന്ന മല്‍പിടുത്തതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുന്നതും തുടര്‍ന്ന് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

സ്‌പോയ്‌ലര്‍ അലര്‍ട്ട്

ചിത്രത്തിലെ ട്വിസ്റ്റുകളില്‍ ഒന്നായിരുന്നു അക്രമിയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നത്. പാര്‍വതി അവതരിപ്പിച്ച അലീന എന്ന കഥാപാത്രം കൊലപാതക ശേഷം ഈ വെടിയുണ്ട ശവശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നുവെന്ന് പിന്നീട് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ലോജിക്കില്ലായ്മയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്.

അത്രയും ക്ലോസ് റേഞ്ചില്‍ നിന്നും മനുഷ്യശരീരത്തിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ വെടിയുണ്ട ശരീരം തുളച്ച് പുറത്തുകടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. ഇനി അഥവാ അത്തരത്തില്‍ പുറത്ത് കടന്നിട്ടില്ലെങ്കില്‍ ശരീരത്തിലെ എല്ലില്ലോ മറ്റോ ഇത് തറച്ചുകിടക്കാനാണ് സാധ്യത കൂടുതല്‍. അത്തരത്തില്‍ ശരീരത്തിന്റെ ഉള്‍ഭാഗത്ത് തറച്ചുകിടക്കുന്ന വെടിയുണ്ടയെ അലീന വെറും ഹെയര്‍ പിന്‍ കൊണ്ട് നീക്കം ചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: District

സര്‍ജറി ചെയ്യുകയാണെങ്കില്‍ പോലും മൂര്‍ച്ചയേറിയ സര്‍ജിക്കല്‍സ് ടൂള്‍സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഒരിഞ്ച് നീളമുള്ള ഹെയര്‍പിന്‍ കൊണ്ട് വെടിയുണ്ട നീക്കം ചെയ്തത് പ്രായോഗികമല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. സമാനമായി വെടിയുണ്ട കളയുന്നതിന് പകരം അത് രൂപമാറ്റം വരുത്തി ബഹുമതി പോലെ മോതിരമായി ധരിച്ച പാര്‍വതിയുടെ കഥാപാത്രത്തിനും വിമര്‍ശനമുണ്ട്.

Content Highlight: Illogical scene in Pradhama Drishtya Kuttakkar Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more