| Friday, 10th April 2026, 5:59 pm

വെസ്റ്റ് ബാങ്കില്‍ അനധികൃത ഇസ്രഈലി കുടിയേറ്റങ്ങളില്‍ റെക്കോഡ് വര്‍ധന; രഹസ്യ അനുമതി നല്‍കി ഇസ്രഈല്‍ മന്ത്രിസഭ

അനിത സി

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റങ്ങളില്‍ റെക്കോഡ് വര്‍ധനവ്. ഇസ്രഈല്‍ മന്ത്രിസഭ നല്‍കിയ രഹസ്യ അനുമതിയുടെ പിന്‍ബലത്തില്‍ പുതുതായി 34 കുടിയേറ്റങ്ങള്‍ നടത്തിയെന്നും നിരവധി ഔട്ട് പോസ്റ്റുകള്‍ സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെതിരെ യു.എസും ഇസ്രഈലും നടത്തുന്ന സംയുക്ത ആക്രമണത്തിനിടെയാണ് പുതുതായി അനധികൃത കുടിയേറ്റങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ആകെയുണ്ടായ അനധികൃത കുടിയേറ്റങ്ങളുടെ പകുതിയിലേറെയാണ് ഈ വര്‍ഷം ആരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുന്നതിനിടെ അനുവദിച്ചിരിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നതാണ്.

2025ല്‍ ഇസ്രഈല്‍ അംഗീകരിച്ചത് ആകെ 54 സെറ്റില്‍മെന്റുകളായിരുന്നു. 2022 മുതല്‍ ഇതിനകം സര്‍ക്കാര്‍ അംഗീകരിച്ച കുടിയേറ്റങ്ങള്‍ മാത്രം 68 വാസസ്ഥലങ്ങളിലേതാണ്. ഇതിന് പുറമെയാണ് ഈ 34 പുതിയ വാസസ്ഥലങ്ങളും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ സ്ഥാപിച്ചിരിക്കുന്നത് 200 ഓളം അനധികൃത ഔട്ട്പോസ്റ്റുകളാണെന്നാണ് കണക്കുകള്‍.

അനധികൃത കുടിയേറ്റത്തിന് അനുമതി നല്‍കുന്നതിനായി ചേര്‍ന്ന ഇസ്രഈല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത സൈനിക മേധാവി ഇയാല്‍ സമീര്‍ പദ്ധതിയെ വ്യക്തമായി എതിര്‍ത്തില്ലെന്നും എന്നാല്‍ നിലവിലെ പരിമിതമായ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും i24NEWS റിപ്പോര്‍ട്ട് ചെയ്തു.

സമയമെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിസഭായോഗ തീരുമാനം ഇസ്രഈല്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച വിശദാംശങ്ങള്‍ ചോരുകയായിരുന്നു.

എവിടെയൊക്കെയാണ് പുതിയ കുടിയേറ്റങ്ങളെന്നത് കൃത്യമായി വെളിപ്പെട്ടിട്ടില്ലെങ്കിലും ജനവാസമില്ലാത്ത പ്രദേശങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. ഇസ്രഈല്‍ സൈന്യത്തിന് പോലും പ്രവേശിക്കാന്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലാണ് കുടിയേറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2023-ല്‍ ഗസയില്‍ ഇസ്രഈല്‍ വംശഹത്യ ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവും കുത്തനെ വര്‍ധിച്ചിരുന്നു. പീസ് നൗ സംഘടനയുടെ കണക്കനുസരിച്ച് , കഴിഞ്ഞ വര്‍ഷം 54 സെറ്റില്‍മെന്റുകള്‍ക്കും 2023 ല്‍ ഒമ്പത് എണ്ണത്തിനും അനുമതി നല്‍കിയിരുന്നു.

അനധികൃത ഔട്ട്പോസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 40 ശതമാനം വര്‍ധിച്ച് അനധികൃത ഔട്ട്‌പോസ്റ്റ് 86 ആയി ഉയര്‍ന്നു.

ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ മാത്രം വെസ്റ്റ് ബാങ്കില്‍ നിന്നും 36,000-ത്തിലധികം പലസ്തീനികള്‍ പലായനം ചെയ്തതായി മാര്‍ച്ച് 17 ന് പുറത്തെത്തിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണ് ആക്രമണ സംഭവങ്ങളിലുണ്ടായത്. കുടിയേറ്റക്കാരുടെ അക്രമത്തില്‍ ആളപായമോ സ്വത്ത് നാശമോ ഉണ്ടായ 1,732 സംഭവങ്ങള്‍ ഇക്കാലയളവില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്രഈലിന്റെ അനധികൃത കുടിയേറ്റത്തിന് പിന്തുണ നല്‍കുന്നതിലെ ഉദ്ദേശം വ്യക്തമാണെന്നും ഏരിയ സിയില്‍ നിന്ന് പലസ്തീനികളുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വംശീയ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും പീസ് നൗവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിയോര്‍ അമിഹായ് പ്രതികരിച്ചു. വെസ്റ്റ് ബാങ്കിലെ പൂര്‍ണനിയന്ത്രണം ഇസ്രഈലിന്റെ കൈവശമാണ്.

Content Highlight: Record increase in illegal Israeli settlements in the West Bank; Israeli cabinet gives secret approval

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more