| Friday, 30th October 2026, 7:01 am

പള്ളി അനധികൃതമായി നിര്‍മിച്ചത്: ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ പ്രക്ഷോഭം: ഷിംലയില്‍ അറ്റകുറ്റപണികള്‍ തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

നിഷാന. വി.വി

ഷിംല: ഉത്തരാഖാണ്ഡിലെ ഡെറാഡൂണില്‍ പള്ളിയുടെ അറ്റകുറ്റ പണികള്‍ തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഡെറാഡൂണിലെ ഷിംല ബൈപ്പാസിന് സമീപമുള്ള സെവ്‌ല കലാനിലാണ് സംഭവം. പള്ളി അനധികൃതമായി നിര്‍മിച്ചതാണെന്നും പ്രാദേശിക റോഡ് കയ്യേറിയാണ് ഈ മൂന്ന് നില കെട്ടിടം നില്‍ക്കുന്നതെന്നും ആരോപിച്ചാണ് ബജ്റംഗദള്‍ സംസ്ഥാന പ്രതിനിധി വികാസ് വര്‍മയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണ പ്രവൃത്തി തടസപ്പെടുത്തിയത്.

ഈ നിര്‍മാണം കാരണം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്നും, മസൂറി-ഡെറാഡൂണ്‍ ഡെവലപ്മെന്റ് അതോറിറ്റി ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം പൊളിച്ചുനീക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും വര്‍മ പറഞ്ഞു.

‘ 2017ല്‍ അനധികൃത നിര്‍മാണത്തെക്കുറിച്ച് ഞങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍ അത് മൂന്ന് നിലകളിലെത്തിയിരിക്കുന്നു. സെവ്‌ല കലന്‍ ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. എന്നാല്‍ അവരോട് വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാന്‍ പള്ളി അധികൃതര്‍ പറഞ്ഞതായി താമസക്കാര്‍ അറിയിച്ചു,’ വര്‍മ വാദിച്ചു.

എന്നാല്‍, ബജ്റംഗദളിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് മുസ്‌ലിം സേവാ സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. പള്ളി പൂര്‍ണമായും നിയമപരമായാണ് നിര്‍മിച്ചിട്ടുള്ളതെന്നും പുതിയ നിര്‍മാണങ്ങളൊന്നും അവിടെ നടക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് നയീം ഖുറേഷി പറഞ്ഞു.

മഴവെള്ളം ചോര്‍ന്നൊലിക്കുന്നത് തടയാനായി മൂന്നാം നിലയുടെ മേല്‍ക്കൂരയില്‍ സിമന്റ് പൂശുന്ന സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടം നിയമവിരുദ്ധമല്ലെന്ന് കാണിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും നയിം പറഞ്ഞു.

Content Highlight: Illegal construction of a mosque: Protest threatened if not demolished within a week; Bajrang Dal activists halt maintenance work in Shimla.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more