| Wednesday, 25th June 2025, 2:48 pm

ആ ഇതിഹാസ ഫുട്‌ബോള്‍ താരം എം.എം.എയുടെ ഇടിക്കൂട്ടിലിറങ്ങണം, അതിന് കാരണം ഒന്ന് മാത്രം; തുറന്നുപറഞ്ഞ് ടൊപൂരിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സ്പാനിഷ് സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് ലെജന്‍ഡുമായ സെര്‍ജിയോ റാമോസ് എം.എം.എ (മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്) റിങ്ങിലിറങ്ങണമെന്ന് സൂപ്പര്‍ ഫൈറ്റര്‍ ഇലായ ടൊപൂരിയ.

മറ്റേതെങ്കിലും ഗെയ്മില്‍ നിന്നും ഒരു താരം എം.എം.എയുിടെ ഭാഗമാകണമെങ്കില്‍ അത് ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മുന്‍ ഫെതെര്‍വെയ്റ്റ് ചാമ്പ്യന്‍.

ഇ.എസ്.പി.എന്‍ എം.എം.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മറ്റേതെങ്കിലും ഒരു ഗെയ്മില്‍ നിന്ന് ഏത് താരം എം.എം.എയുടെ ഭാഗമാകണം എന്നാണോ നിങ്ങള്‍ ചോദിച്ചത്. സെര്‍ജിയോ റാമോസ്. അതിന് കാരണം അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി തന്നെ,’ സ്പാനിഷ് ഫൈറ്റര്‍ പറഞ്ഞു.

കളിക്കളത്തിലെ ബ്രൂട്ടല്‍ ടാക്കിളുകളുടെ പേരില്‍ എന്നും എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു സെര്‍ജിയോ റാമോസ്. ‘ഒരുത്തനും എന്നെ കടന്ന് പന്തുമായി കുതിക്കാന്‍ പോണില്ല’ എന്ന ആറ്റിറ്റ്യൂഡുമായാണ് മുന്‍ ലോക ചാമ്പ്യന്‍ ടീമിനായി പ്രതിരോധ മതില്‍ തീര്‍ത്തത്.

റയല്‍ മാഡ്രിഡില്‍ കളിക്കവെ പെപ്പെയ്ക്കും മാഴ്‌സലോയ്ക്കുമൊപ്പം റാമോസ് പടുത്തുയര്‍ത്തിയ പ്രതിരോധം ഏതൊരു ടീമിന്റെയും മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ പോന്നതായിരുന്നു. റാമോസിനൊപ്പം പെപ്പെയും ഹാര്‍ഡ് ടാക്കിളുകളുടെ ഭാഗമാകുമ്പോള്‍ ഇവരെ കടന്നുപോകാന്‍ എതിര്‍ താരങ്ങള്‍ നന്നേ പാടുപെട്ടു.

അതേസമയം, ക്ലബ്ബ് വേള്‍ഡ് കപ്പില്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ സ്ഥാനം ലക്ഷ്യമിട്ട് റാമോസിന്റെ ക്ലബ്ബായ മോണ്ടറേ കളത്തിലിറങ്ങുകയാണ്. നാളെ (വ്യാഴം) പുലര്‍ച്ചെ 6.30ന് നടക്കുന്ന മത്സരത്തില്‍ ജാപ്പനീസ് സൂപ്പര്‍ ടീമാ യുറാവ റെഡ് ഡയമണ്ട്‌സാണ് എതിരാളികള്‍. റോസ് ബൗള്‍ സ്‌റ്റേഡിയമാണ് വേദി. കളിച്ച രണ്ട് മത്സരത്തിലും സമനിലയുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാമതാണ് മോണ്ടറേ.

രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ റിവര്‍ പ്ലേറ്റും ഇന്റര്‍ മിലാനുമാണ് ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. ഇരുവരും മൂന്നാം മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടും.

ഇന്റര്‍ – റിവര്‍ പ്ലേറ്റ് മത്സരത്തില്‍ ഒരു ടീം വിജയിക്കുകയും മോണ്ടറേ – യുറാവ റെഡ്‌സ് മത്സരത്തില്‍ റാമോസും സംഘവും വിജയിക്കുകയാണെങ്കില്‍ മോണ്ടറേയ്ക്ക് സൂപ്പര്‍ 16 കളിക്കാം.

അതേസമയം, റിവര്‍ പ്ലേറ്റ് – ഇന്റര്‍ മിലാന്‍ മത്സരം സമനിലയില്‍ അവസാനിക്കുകയും ചുരുങ്ങിയത് രണ്ട് ഗോളിന് മോണ്ടറേ വിജയിക്കുകയാണെങ്കിലും റാമോസിനും സംഘത്തിനും അവസരമുണ്ട്. എന്നാല്‍ യുറാവ റെഡ്‌സിനോട് പരാജയപ്പെടുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ മോണ്ടറേയുടെ യാത്ര അവസാനിക്കും.

Content Highlight: Ilia Topuria says that Sergio Ramos could compete in MMA

We use cookies to give you the best possible experience. Learn more