| Wednesday, 22nd October 2025, 6:41 pm

ഡ്യൂഡിനും ഇളയരാജയുടെ ചെക്ക്!; അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതില്‍ നിര്‍മാതാക്കള്‍ക്കെതിരെ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതില്‍ ഡ്യൂഡ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ. സിനിമയില്‍ കറുത്ത മച്ചാ എന്ന പാട്ട് ഉപയോഗിച്ചതിനാണ് ഇളയരാജ കോടതിയെ സമീപിച്ചത്.

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ഡ്യൂഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാന്‍സ് കളിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുന്ന സിനിമ ഇതിനോടകം 83 കോടിയിലേറെ സ്വന്തമാക്കി.

ഭാരതിരാജയുടെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ‘പുതു നെല്ലു പുതു നാത്തു’ എന്ന ചിത്രത്തിലെ ഗാനമാണ് കറുത്ത മച്ചാ. ഇളയരാജയുടെ സംഗീതത്തില്‍ സുകന്യ, എസ്.ജാനകി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ഡ്യൂഡില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് ഇളയരാജ പരാതി നല്‍കിയത്.

സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എക്കോ റെക്കോര്‍ഡിങ്് കമ്പനി, ഓറിയന്റല്‍ റെക്കോര്‍ഡ്‌സ് എന്നിവയ്ക്കെതിരെ അദ്ദേഹം കേസ് ഫയല്‍ ചെയ്തു. കേസ് തുടരാന്‍ മദ്രാസ് ഹൈക്കോടതി ഇളയരാജയ്ക്ക് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇളയരാജയുടെ പരാതിയോട് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല ഇളയരാജ തന്റെ ഗാനം ഉപയോഗിച്ചതിന് കോടതിയെ സമീപിച്ചത്.

അതേസമയം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ഡ്യൂഡ് 100 കോടി കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലവ് ടുഡേ ഡ്രാഗണ്‍ എന്നീ സിനിമകളിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ പ്രദീപിന്റെ അടുത്ത സൂപ്പര്‍ ഹിറ്റാണ് ഡ്യൂഡെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നവാഗതനായ കീര്‍ത്തിശ്വരനാണ് സിനിമ എഴുതി സംവിധാനം ചെയ്തത്.

Content highlight: Ilayaraja has filed a complaint against the makers of the movie Dude for using his song without permission

We use cookies to give you the best possible experience. Learn more