അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015-ൽ പുറത്തിറങ്ങി, മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് പ്രേമം. റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രം, അതിർത്തികൾ കടന്ന് തമിഴ്നാട്ടിലും ഹിന്ദിയിലും അടക്കം വൻ വിജയം നേടി. സിനിമയിലെ ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനവും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചപറ്റിയിരുന്നു.
ഇപ്പോഴിതാ പ്രേമം സിനിമ ഉണ്ടാക്കിയ വിജയത്തെക്കുറിച്ചും അതിന്റെ പിന്നണി ഓർമകളെക്കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ സിജു വിൽസൻ. മൂവി വേൾഡ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.
സിജു വിൽസൻ.photo.screen grab/youtube
‘തിയേറ്ററുകളിലേക്ക് ടിക്കറ്റെടുക്കാൻ ആളുകൾ ഇരച്ചുകയറുന്ന തരത്തിലുള്ള വലിയൊരു ജനപ്രവാഹം തന്നെയാണ് പ്രേമം ഉണ്ടാക്കിയത്. സിനിമ ഇറങ്ങിക്കഴിഞ്ഞ ഉടൻ തന്നെ ഞങ്ങൾ എല്ലാവരും കൂടെ ഊട്ടിക്ക് ട്രിപ്പ് പോവുകയാണ് ചെയ്തത്. അങ്ങനെ എല്ലാവരും ഒന്നിച്ചുകൂടി ഇതെന്താണ് സംഭവിച്ചത് എന്നൊരു ചിന്തയിലായിരുന്നു. കാരണം ഇത്രയും വലിയൊരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
സിനിമ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് നല്ലൊരു ആവേശം ഒക്കെ കിട്ടിയിരുന്നു, അതുകൊണ്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. പക്ഷേ, ഇത്രയും വലിയ രീതിയിൽ ആളുകളിലേക്ക് എത്തുമെന്ന് അറിയില്ലായിരുന്നു. കേരളവും തമിഴ്‌നാടും കടന്ന് തെലുങ്കിലും കന്നഡയിലും ഹിന്ദിയിൽ നിന്നും കരൺ ജോഹർ വരെ വിളിക്കുന്ന അവസ്ഥയായി. ഇത്രയും അതിർത്തികൾ കടന്നുള്ള വിജയം ഞങ്ങൾ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ഞങ്ങൾ അൽഫോൻസിനെ കണ്ടപ്പോൾ എല്ലാവരും ഇതെന്താണ് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു. എങ്കിലും ഞങ്ങൾ എല്ലാവരും ഭയങ്കര സന്തോഷത്തിലായിരുന്നു.
ഞങ്ങൾ അത്രയും പ്രേമത്തോടെ എടുത്ത സിനിമയായിരുന്നു അത്. അതിന്റെ കാസ്റ്റിങ്ങും മറ്റു തയ്യാറെടുപ്പുകളുമെല്ലാം അത്രത്തോളം വർക്ക് ഔട്ടായിരുന്നു. മലരേ എന്ന് പറയുന്ന പാട്ടിന്റെ പല്ലവി ആദ്യമേ സെറ്റ് ആയിരുന്നു. ഞങ്ങൾ എല്ലാവരും അത് പാടിനടക്കാറുണ്ടായിരുന്നു. പക്ഷേ, അതിന്റെ അനുപല്ലവി ആയിട്ടുണ്ടായിരുന്നില്ല. അൽഫോൻസ് കുറെക്കാലമായി ശബരീഷിനോട് അനുപല്ലവി ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴും ഷൂട്ടിംഗ് നടക്കുകയാണ്.
അങ്ങനെ ഒരു ദിവസം ഞാൻ എന്റെ റൂമിൽ ഇരിക്കുമ്പോൾ ശബരീഷ് പെട്ടെന്ന് കിട്ടി, കിട്ടി എന്ന് പറഞ്ഞു റൂമിലേക്ക് വന്നു. അനുപല്ലവി കിട്ടിയെന്ന് പറഞ്ഞ് അപ്പോൾ തന്നെ സ്റ്റുഡിയോയിൽ പോയി ശബരീഷ് അത് ലൈവായി പാടിയപ്പോൾ സംഭവം അടിപൊളിയാണെന്ന് മനസിലായി. പിന്നെ എല്ലാവരും ഫുൾ ഓൺ ആയിരുന്നു,’ സിജു വിത്സൻ പറഞ്ഞു.
പ്രേമം.photo.Screen Grab/Youtube