പൂനെ: ആറ് വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എഴുതിയ പുസ്തകം പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ഐസര്‍) ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്തു. ഈ പുസ്തകം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലതുപക്ഷക്കാരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.
ഉമര്‍ ഖാലിദിന്റെ ‘ ഫ്രാക്ചര്‍ഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആന്‍ഡ് ദ പൊളിറ്റിക്സ് ഓഫ് പവര്‍’ (Fractured Communities: Adivasi Histories and the Politics of Power) എന്ന ഗവേഷണ പുസ്തകമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസര്‍ അവരുടെ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്തത്.
‘തെറ്റിദ്ധാരണകളോ അസ്വസ്ഥതകളോ ഒഴിവാക്കാന്‍’ വേണ്ടി ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ഐസര്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐസര്‍ അംഗങ്ങളുടെയും ലൈബ്രറിയുടെ പ്രവര്‍ത്തനം മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ലൈബ്രറിയിലെ പുസ്തക ശേഖരം വികസിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘പ്രതിമാസം ശരാശരി 50-ലധികം പുസ്തകങ്ങള്‍ വിവിധ വിഷയങ്ങളില്‍ നിന്നായി ലൈബ്രറിയില്‍ ചേര്‍ക്കാറുണ്ട്. ഉമര്‍ ഖാലിദ് എഴുതിയ ഈ പുസ്തകത്തിന്റെ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ, തെറ്റിദ്ധാരണകളോ അസ്വസ്ഥതകളോ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അത് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എന്ത് നടപടികള്‍ സ്വീകരിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
ഉമര്‍ ഖാലിദിന്റെ പി.എച്ച്.ഡി ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുസ്തകം. ഇന്നത്തെ ഝാര്‍ഖണ്ഡിലെ സിംഗ്ഭും മേഖലയില്‍, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി നടന്ന ഭരണകൂട രൂപീകരണം, കൊളോണിയല്‍ ഭരണം, ഗോത്രവിഭാഗങ്ങളും ഭരണകൂടവും തമ്മിലുള്ള അധികാര ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്; പ്രധാനമായും ‘ഹോ’ (Ho) ആദിവാസി സമുദായത്തെ കേന്ദ്രീകരിച്ചാണ് പഠനം.
ഉമര്‍ ഖാലിദിന്റെ പുസ്തകം ഐസര്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ എക്സില്‍ ഒരു പോസ്റ്റ് വന്നതിന് പിന്നാലെയാണ് നീക്കം ചെയ്യാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഗവേഷണ സ്ഥാപനമായ ഐസറില്‍ ഉമര്‍ ഖാലിദിന്റെ തീസിസ് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
Content Highlight: IISER Pune removes Umar Khalid’s book from library to avoid ‘misunderstanding or unrest’