| Tuesday, 12th May 2026, 11:09 am

പെൺകുട്ടികൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടവർ, വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല; വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി

മുഹമ്മദ് നബീല്‍

പാട്ന: വിവാദ പ്രസ്താവനയുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾക്ക് പഠനത്തിന്റെ ആവശ്യമില്ലെന്നും അവർ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടവരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴിവച്ച അദ്ദേഹത്തിന്റെ വീഡിയോയിൽ പെൺകുട്ടികൾ പ്രതിഷേധങ്ങൾക്കായി പുറത്തിറങ്ങുന്നതിന് പകരം വീടിനുള്ളിൽ തന്നെ കഴിയണമെന്നും അദ്ദേഹം പറയുന്നതായി കാണാം.

വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു റിപ്പോർട്ടർ പറഞ്ഞപ്പോൾ പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിച്ചുകൊള്ളും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മിഥിലേഷ് തിവാരി ഒരു അദ്ധ്യാപകൻ ആയിരുന്നു എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹം പട്നയിൽ സ്വന്തമായി ഒരു കോച്ചിങ് സെന്ററും നടത്തിയിരുന്നു.

സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി പദ്ധതികൾ നടപ്പാക്കിയിരുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാർ രാജിവച്ചതിന് പിറകെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നിതീഷ്‌കുമാറിന്റെ നയങ്ങളിൽനിന്നുമുള്ള സർക്കാരിന്റെ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പലരും വിലയിരുത്തുന്നത്. നിതീഷ്‌കുമാർ മുഖ്യമന്ത്രിയായിരിക്കെ സ്കൂൾ വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകിയത് പെൺകുട്ടികളുടെ ഹാജർനില ഉയരുന്നതിനടക്കം കാരണമായിട്ടുണ്ടായിരുന്നു.

1988 ൽ എ.ബി.വി.പിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെത്തിയ തിവാരി, 1990 ലാണ് ബി.ജെ.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2005 ൽ ആർ.ജെ.ഡി ഭരണകാലത്ത് ബി.ജെ.പി അദ്ദേഹത്തെ മത്സരരംഗത്തിറക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2015 ൽ ജെ.ഡി.യു-ആർ.ജെ.ഡി സഖ്യ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം വിജയിച്ചു. 2020 ലെ തെരഞ്ഞെടുപ്പിൽ ബൈകുന്ത്പുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2025 ൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും നിയമസഭയിലെത്തി.

Content Highlight: Bihar Education Minister makes controversial statement, says girls should stay within four walls of home

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more