| Friday, 27th February 2026, 3:38 pm

വോട്ടർ പട്ടിക പുതുക്കൽ; തടസ്സവാദങ്ങൾ ഉന്നയിക്കരുതെന്ന് തൃണമൂൽ കോൺഗ്രസിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

യെലന കെ.വി

ന്യൂദൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളിൽ തടസ്സവാദങ്ങൾ ഉന്നയിക്കരുതെന്ന് തൃണമൂൽ കോൺഗ്രസിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.

തെരഞ്ഞെടുപ്പ് കമ്മീഷൻ ജഡ്ജിമാർക്ക് നൽകുന്ന പരിശീലന മൊഡ്യൂളുകൾക്കെതിരെ തൃണമൂൽ കോൺഗ്രസ് ഉന്നയിച്ച എതിർപ്പുകൾ കോടതി തള്ളി.

ചെറിയ കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ സ്തംഭിപ്പിക്കരുത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വോട്ടർ പട്ടികയിലെ പരാതികൾ പരിശോധിക്കാൻ കോടതി നിയോഗിച്ച ജുഡീഷ്യൽ ഓഫീസർമാർ ആരുടെയും സ്വാധീനത്തിന് വഴങ്ങില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനമെടുക്കാൻ പ്രാപ്തരാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

തെരഞ്ഞെടുപ്പ് കമ്മീഷനല്ലാതെ മറ്റാരാണ് ഈ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക എന്ന് കോടതി ചോദിച്ചു. പരിശീലന മൊഡ്യൂളുകൾ കോടതി ഉത്തരവുകൾക്ക് മുകളിലല്ലെന്നും ജഡ്ജിമാർക്ക് നിയമപരമായ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ആധാർ കാർഡ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വോട്ടർമാരുടെ പ്രായവും വിലാസവും തെളിയിക്കാൻ സ്വീകരിക്കാമെന്ന മുൻ ഉത്തരവ് കോടതി ആവർത്തിച്ചു.

ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കപ്പെട്ടതിനെത്തുടർന്നാണ് സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ എന്ന പേരിൽ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ആരംഭിച്ചത്. ഏകദേശം 60 ലക്ഷത്തോളം അപേക്ഷകളാണ് പരിശോധനയ്ക്കായി ഉള്ളത്.

ഈ പ്രക്രിയ വേഗത്തിലാക്കാൻ അയൽ സംസ്ഥാനങ്ങളായ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ജഡ്ജിമാരെ കൂടി ഉൾപ്പെടുത്താൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

ഫെബ്രുവരി 28-ന് വോട്ടർ പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കാൻ കോടതി അനുമതി നൽകി.

എന്നാൽ അതിന് ശേഷവും പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അനുബന്ധ പട്ടികകൾ പുറത്തിറക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: West Bengal SIR: SC refuses to entertain TMC’s objection to EC training modules for judges

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more