വിനായകൻ എനർജി കൊണ്ട് അഭിനയിക്കുന്ന നടനാണെന്നും അത്തരത്തിലുള്ള പ്രകടനങ്ങൾ അപൂർവമായി മാത്രം സംഭവിക്കുന്നതാണെന്നും നടൻ ജയസൂര്യ. ‘ചതിക്കാത്ത ചന്തു’ മുതൽ ‘ജയിലർ’ വരെയുള്ള വിനായകന്റെ അഭിനയത്തിലെ മാറ്റങ്ങളെക്കുറിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു ജയസൂര്യ. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം ‘ടൈറ്റൻസി’ന്റെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വിനായകൻ,ജയസൂര്യ. Photo. Screen Grab/ Youtube
‘ചതിക്കാത്ത ചന്തു’വിലെ വിനായകനിൽ നിന്ന് ‘ജയിലറി’ലേക്ക് എത്തിനിൽക്കുന്ന വിനായകന്റെ കഥാപാത്രങ്ങളുടെ ഇന്റൻസിറ്റി വേറെ ലെവലാണ്. വിനായകൻ എനർജി കൊണ്ട് അഭിനയിക്കുന്ന ഒരാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചുമ്മാ ഫിസിക് കൊണ്ടോ ഡയലോഗ് കൊണ്ടോ മാത്രമല്ല, ആ എനർജി കൃത്യമായി ഉപയോഗിച്ച് അഭിനയിക്കുക എന്നത് വലിയൊരു ബ്ലെസിങ്ങാണ്.
അത് ഭയങ്കര അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. ‘ജയിലർ’ കാണുമ്പോൾ നമുക്ക് ട്രാൻസിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള പ്രകടനം വിനായകന്റേതായി അനുഭവിക്കാൻ കഴിയും. നമ്മുടെ ഈ സിനിമയിലും അത്തരത്തിലുള്ള ഒരുപാട് പ്രകടനങ്ങളുണ്ട്,’ ജയസൂര്യ പറഞ്ഞു.
‘ജയിലർ’ സിനിമയിലേക്ക് വിനായകൻ എത്തിയതുമായി ബന്ധപ്പെട്ട ഒരു അനുഭവവും ജയസൂര്യ പങ്കുവെച്ചു. രജനികാന്തിന്റെ ചിത്രത്തിൽ വിനായകൻ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, തന്റെ അടുത്ത് വിളിച്ച് അച്ഛന്റെ സിനിമയിലും മരുമകന്റെ സിനിമയിലും അഭിനയിക്കാനുള്ള സാഹചര്യമുണ്ടെന്നും ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണെന്നും പറഞ്ഞതായി ജയസൂര്യ ഓർത്തെടുത്തു.
‘മാച്ചാന് ഓർമയുണ്ടോ എന്നറിയില്ല, ‘ജയിലറി’ന്റെ സമയത്ത് എന്റെ അടുത്ത് വിനായകൻ വിളിച്ചിട്ട് പറഞ്ഞു, അച്ഛന്റെ പടമുണ്ട്, മരുമോന്റെ പടവുമുണ്ട്, ഏത് തെരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിലാണെന്ന്. അതായത് രജനിസാറിന്റെയും ധനുഷിന്റെയും പടം വന്നിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു, ഒന്നും നോക്കണ്ട, അച്ഛന്റെ പരിപാടി തന്നെ പിടിച്ചോ എന്ന്,’ ജയസൂര്യ പറഞ്ഞു.
വിനായകനുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം അഭിനയത്തിലും സഹായിക്കാറുണ്ടെന്ന് ജയസൂര്യ പറഞ്ഞു. ചതിക്കാത്ത ചന്തു, ഗ്രീറ്റിങ്സ് തുടങ്ങിയ സിനിമകളുടെ കാലം മുതലുള്ള സൗഹൃദവും ഒരുമിച്ചുണ്ടായ ഓർമകളും ഇന്നും ഇരുവരും പങ്കുവെക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘നമ്മൾ തമ്മിൽ സൗഹൃദമുള്ളതുകൊണ്ട് ഒരുമിച്ച് വർക്ക് ചെയ്യുമ്പോഴും അത് സഹായിക്കാറുണ്ട്. വർഷങ്ങൾക്കുമുമ്പ് അഭിനയിച്ച ‘ചതിക്കാത്ത ചന്തു’, ഇന്നസെന്റ് ചേട്ടനൊപ്പം ഞങ്ങൾ അഭിനയിച്ച ‘ഗ്രീറ്റിങ്സ്’… അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട്. അതെല്ലാം ഞങ്ങൾക്ക് നല്ല ഓർമകളാണ്. അന്നുമുതലുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.
ഇപ്പോൾ ഈ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴും പരസ്പരം മനസിലാക്കാൻ അധികം സംസാരിക്കേണ്ടിവരില്ല. എന്താണ് ചെയ്യേണ്ടതെന്ന് നമുക്കിടയിൽ ഒരു ധാരണയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും മുന്നോട്ടുപോകാൻ കഴിയുന്നത് സൗഹൃദം കൊണ്ടാണ്. ഞങ്ങൾ തമ്മിൽ നല്ല കണക്ഷനുണ്ട്,’ ജയസൂര്യ വ്യത്യമാക്കി.
ജയസൂര്യ. Photo. Screen Grab/ Youtube
‘ചതിക്കാത്ത ചന്തു, ഗ്രീറ്റിങ്സ്, ആട്, ആട് 2, ആട് 3 തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ചെത്തിയ ജയസൂര്യയും വിനായകനും ഇപ്പോൾ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ടൈറ്റൻസി’ലൂടെയും ഒന്നിക്കുകയാണ്.
Content Highlight: Jayasurya Talks about the evolution in Vinayakan’s acting—from ‘Chathikkatha Chanthu’ to ‘Jailer’—as well as the friendship between the two