ന്യൂദല്‍ഹി: ഒഡിഷയില്‍ പലയിടത്തും ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മതം മാറണമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ആദിവാസി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ തന്നെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒഡിഷയില്‍ ബി.ജെ.പി അധികാരത്തിനെത്തിയ ശേഷം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങില്‍ പോലും അനുഭവിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒഡിഷയിലെ നബരംഗ്പൂര്‍ ജില്ലയില്‍ ലോയേഴ്‌സ് ഫോറവും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സംസ്‌കരിച്ച മൃദേഹം പുറത്തെടുത്ത് മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നടക്കം അന്വേഷണത്തില്‍ കണ്ടെത്തിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
നബരംഗ്പൂര്‍ ജില്ലയില്‍ വലിയ തോതില്‍ ഭരണഘടനാ അവകാശങ്ങളുടെ ഗുരുതരമായ ലംഘനം നടക്കുന്നുണ്ടെന്നും പല ഗ്രാമങ്ങളും വര്‍ഗീയ കലാപങ്ങളുടെ വക്കിലാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യാനുള്ള അനുമതിയില്ലെന്നും ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും മൃതദേഹം സ്വന്തം വീട്ടിലോ ഗ്രാമത്തിലോ സംസ്‌കരിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തണമെന്നും അഥവാ അങ്ങനെ ചെയ്തില്ലെങ്കില്‍ കാട്ടിനുള്ളില്‍ അടക്കം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ എട്ടോളം മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് പറയുന്നത്. സമാനമായി മെല്‍ബദ ഗ്രാമത്തില്‍ സ്വന്തം ഭൂമിയില്‍ സംസ്‌കരിച്ച ക്രിസ്ത്യന്‍ യുവാവിന്റെ മൃതദേഹം ഹിന്ദുത്വവാദികളെത്തി പുറത്തെടുക്കുകയും ബലമായി ചിതകൊളുത്തി സംസ്‌കരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ നിരവധി സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മറ്റൊരു ഗ്രാമത്തില്‍ ദളിത് ക്രിസ്ത്യന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
നീതി ആയോഗ് പ്രകാരം ജില്ലയില്‍ ഭൂരിഭാഗം പേരും അതിദാരിദ്രരേഖയ്ക്ക് താഴെയാണെന്നും ഹിന്ദുഭൂരിപക്ഷ ഗ്രാമങ്ങളില്‍ പലയിടത്തും പത്തില്‍ താഴെയാണ് ക്രൈസ്തവരെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പലയിടത്തും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു നടപടിയുമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: If you want to cremate the body, you have to convert to Hinduism; Report says there is cruelty towards minorities in Odisha