| Thursday, 29th January 2026, 8:38 pm

ധൈര്യമുണ്ടെങ്കില്‍ നേമത്ത് മത്സരിക്കൂ, വാചകക്കസര്‍ത്ത് നടത്തിയാല്‍ പോരാ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ശിവന്‍കുട്ടി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേമം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വെല്ലുവിളിച്ച് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

വി.ഡി. സതീശന്‍ സംഘപരിവാറിനെതിരെ പോരാടുന്ന വലിയ ‘യോദ്ധാവായി’ സ്വയം ചമയാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

വി. ശിവന്‍കുട്ടി

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് മന്ത്രിയുടെ വെല്ലുവിളി. സംഘപരിവാര്‍ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാന്‍ ആര്‍ജവമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് ഈ പോരാട്ടത്തില്‍ പങ്കെടുക്കണമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വെല്ലുവിളിച്ചിരിക്കുന്നത്.

ബി.ജെ.പിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്ന് വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ല. യഥാര്‍ത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ശരിക്കും ഒരു സംഘപരിവാര്‍ വിരുദ്ധനാണെങ്കില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരിക്കല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വി.ഡി. സതീശന്‍ മത്സരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

വി.ഡി. സതീശന്‍

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍, വര്‍ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ വി.ഡി. സതീശന്‍ തന്റെ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാള്‍ നിലപാടുകള്‍ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള അര്‍ജവമാണ് ഒരു നേതാവിന് വേണ്ടത്. വി.ഡി. സതീശന്‍ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ലോസ് ചെയ്ത ബി.ജെ.പിയുടെ അക്കൗണ്ട് തുറക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി. ശിവന്‍കുട്ടി സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.

‘ഞാന്‍ ആര്‍.എസ്.എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോള്‍ സതീശന്‍ വള്ളി നിക്കറിട്ട് നടക്കുകയാണ്. ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് വിനായക് ദാമോദര്‍ സതീശന്‍,’ എന്നായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം.

Content Highlight: If you have the courage, contest in Nemom; Sivankutty challenges V.D. Satheesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more