| Friday, 17th April 2026, 8:46 pm

ധൈര്യമുണ്ടെങ്കില്‍ വോട്ടെണ്ണല്‍ ദിനം ബംഗാളില്‍ വരിക, അന്ന് നമുക്ക് കാണാം; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.

വോട്ടെണ്ണല്‍ ദിവസമായ മെയ് നാലിന് കൊല്‍ക്കത്തയിലെത്താനായിരുന്നു അമിത് ഷായോടുള്ള ബാനര്‍ജിയുടെ വെല്ലുവിളി.

പൂര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭഗബാന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മമത ബാനര്‍ജി നാലാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വോട്ടെണ്ണല്‍ ദിവസം കൊല്‍ക്കത്തയില്‍ വരിക, അപ്പോള്‍ നമുക്ക് കാണാം,’ ബാനര്‍ജി പറഞ്ഞു.

‘തൃണമൂല്‍ പ്രവര്‍ത്തകര്‍ വീടിന് പുറത്തിറങ്ങരുതെന്നും അല്ലെങ്കില്‍ അവരെ ജയിലിലടയ്ക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ഇവിടെ വന്ന് ബംഗാളിലെ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ ബ്ലോക്ക് തിരിച്ചും പഞ്ചായത്ത് തിരിച്ചും ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പലിശയും മുതലും സഹിതം കണക്കുകള്‍ തീര്‍ക്കും. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്‌സ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയെ ഉപയോഗിച്ചതുകൊണ്ടൊന്നും ഒന്നും നടപ്പില്ല. നിങ്ങള്‍ ഞങ്ങളെ എത്രത്തോളം അപമാനിക്കുന്നുവോ അത്രത്തോളം ഞങ്ങള്‍ കരുത്തരാകും,’ബാനര്‍ജി പറഞ്ഞു.

ഈ പോരാട്ടത്തില്‍ ഒരു വശത്ത് ദല്‍ഹിയിലെ കരുത്തുറ്റ സ്ഥാപനങ്ങളും നേതാക്കളും, മറുവശത്ത് ബംഗാളിലെ പത്ത് കോടി ജനങ്ങളും ചെരിപ്പിട്ട ഒരു സ്ത്രീയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ട്രംപ് കാര്‍ഡായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

‘നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരാണ് ബംഗാളില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടുകള്‍ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് പൂര്‍ണമായും തെറ്റാണ്. ബി.ജെ.പിക്ക് വേണ്ടി പിന്നില്‍ നിന്ന് പോരാടുന്ന യഥാര്‍ത്ഥ ട്രംപ് കാര്‍ഡ് ചീഫ് ഇലക്ഷന്‍ കമ്മീഷനാണ്. ബി.ജെ.പി നിര്‍ദേശങ്ങള്‍ നല്‍കുന്നു, ഇലക്ഷന്‍ കമ്മീഷന്‍ അതനുസരിച്ച് അനുസരണയോടെ പ്രവര്‍ത്തിക്കുന്നു,’ ബാനര്‍ജി എക്‌സിലെഴുതി.

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 23നും രണ്ടാം ഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയിരുന്നു. 77 സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത്.

Content Highlight: If you have the courage, come to Bengal on the counting day; Abhishek Banerjee challenges Amit Shah

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more