| Saturday, 22nd August 2026, 3:01 pm

നിലപാട് പറഞ്ഞാല്‍ രാജ്യവിരുദ്ധയാക്കും; സി.ജെ.പി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ അണ്‍ഫോളോ ചെയ്യുന്നവര്‍ ചെയ്യട്ടെ: ഗൗരി കിഷന്‍

ആര്യ.പി

സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ച് നടി ഗൗരി കിഷന്‍.

താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാട് വ്യക്തമാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗൗരി.

തന്റെ മുന്‍കാല പ്രസ് മീറ്റുകളിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഗൗരി സംസാരിച്ചു തുടങ്ങിയത്. പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ഓണ്‍ലൈന്‍ സൈബര്‍ ബുള്ളിയിങ് പലപ്പോഴും സഹിക്കാവുന്നതിലും അപ്പുറത്തേക്ക് പോകാറുണ്ടെന്നും സാധാരണ വിമര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരു നിലപാട് പറയുമ്പോള്‍ ‘ആന്റി നാഷണല്‍’ എന്ന മട്ടില്‍ മുദ്രകുത്തുന്നതും ശരിയായ പ്രവണതയല്ലെന്നും താരം പറഞ്ഞു.

അനീതിക്കെതിരെ പ്രതികരിക്കാനും സ്വന്തമായി ഒരു അഭിപ്രായം വ്യക്തമാക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും ഗൗരി ചൂണ്ടിക്കാട്ടി.

ഗ്ലാമര്‍ ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും മാത്രം പങ്കുവെച്ച് കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നൂടെ എന്ന് മുതിര്‍ന്ന സംവിധായകര്‍ പോലും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഗൗരി വെളിപ്പെടുത്തി.

പലരും പ്രസ് മീറ്റുകളില്‍ സേഫ് ഗെയിം കളിക്കാറുണ്ട്. എന്നാല്‍ അനീതി കണ്ടാല്‍ മിണ്ടാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു.

സി.ജെ.പി സമരത്തെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചപ്പോള്‍ ‘നിന്നെ അണ്‍ഫോളോ ചെയ്യുന്നു’ എന്ന് പറഞ്ഞ് നിരവധി നെഗറ്റീവ് കമന്റുകള്‍ വന്നു. ചില ആളുകള്‍ അണ്‍ഫോളോ ചെയ്തു. അങ്ങനെയുള്ള ആളുകള്‍ തന്റെ യഥാര്‍ത്ഥ ഫോളോവേഴ്സ് അല്ലെന്നാണ് ഞാന്‍ കരുതുന്നത്. ആളുകള്‍ പ്രതീക്ഷിക്കുന്ന റോസ് ടിന്റഡ് ഗ്ലാസ്സിലൂടെയുള്ള ഒരു വേര്‍ഷന്‍ മാത്രമായി ജീവിക്കാന്‍ എനിക്ക് താല്പര്യമില്ല.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം എഡിറ്റ് ചെയ്തതും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണ്. അതിനെയാണ് ജീവിതമെന്ന് പലരും തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കാതെ എപ്പോഴും താനായിരിക്കാനാണ് ശ്രമിക്കുന്നതെന്നുംഗൗരി കൂട്ടിച്ചേര്‍ത്തു.

Content Highlight: If you express an opinion, they make you out to be anti-national says actress Gouri Kishan

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more