| Sunday, 4th May 2025, 5:27 pm

സ്ത്രീകളെ ഭരണവും പൊതുകാര്യങ്ങളും ഏല്‍പ്പിച്ചാല്‍ പിന്നെങ്ങനെയാണ് കുട്ടികളുണ്ടാകുക. പ്രസവവും ഗര്‍ഭധാരണവും ജനസംഖ്യയും കുറയും: ഹക്കീം അസ്ഹരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീകളെ ഭരണമേൽപ്പിച്ചാൽ ജനസംഖ്യ കുറയുമെന്ന വിവാദ പരാമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകളെ ഭരണം ഏൽപ്പിക്കുക പൊതുകാര്യങ്ങൾ ഏൽപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ എങ്ങനെയാണ് കുട്ടികൾ ഉണ്ടാവുക? സ്ത്രീകളെ ഭരണം ഏൽപ്പിച്ചാൽ പ്രസവം കുറയും. ഗർഭധാരണം കുറയും. ജനസംഖ്യ കുറയും, കാരണം കുഞ്ഞിനെ നോക്കാനും സ്‌കൂളിൽ പോകാനും ഒരുമിച്ച് സാധിക്കുമോ? അപ്പോൾ കുട്ടി വേണ്ടെന്ന് തീരുമാനിക്കും. ഇപ്പോൾ റഷ്യ നോർത്ത് കൊറിയ, ചൈന എന്നീ രാജ്യങ്ങളൊക്കെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. സ്റ്റാലിൻ തമിഴ്‌നാട്ടിലെ സ്ത്രീകളോട് പ്രസവിക്കാൻ പറയുന്നു. ആ ഒരു കാഴ്ചപ്പാട് ഇസ്‌ലാം നേരത്തെ തന്നെ പറഞ്ഞു എന്നതാണ് അതിന്റെ വ്യത്യാസം,’ അദ്ദേഹം പറഞ്ഞു.

തെങ്ങിൽ കയറാനോ ബുൾഡോസർ ഓടിക്കാനോ കഴിയുന്ന സ്ത്രീകളുണ്ടെന്നും പൊതുനയങ്ങൾ അപൂർവ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അസ്ഹരി കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരിൽ നിന്ന് ഇത്തരം കാര്യങ്ങൾ കേട്ടതിനാലാണ് പഞ്ചായത്തുകളിൽ ഒരു നിഴൽ ഭരണം ഉണ്ടെന്ന് താൻ പറഞ്ഞതെന്നും തന്റെ പഞ്ചായത്തിൽ ഒരു സ്ത്രീ പ്രസിഡന്റാണ്, പക്ഷേ അവരുടെ ഭർത്താവാണ് യഥാർത്ഥ ഭരണാധികാരിയെന്നും അസ്ഹരി പറഞ്ഞു .

അതേസമയം സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും ജോലി ചെയ്യുന്നതിനെയും ഇസ്‌ലാം ഒരിക്കലും വിലക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ആരാണ് സ്ത്രീകളെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും വിലക്കുന്നത്? ഇസ്‌ലാം ഒരു നയം മുന്നോട്ടുവച്ചിട്ടുണ്ട്, അതിനോട് യോജിക്കുന്നവർ അത് പിന്തുടരുന്നു. എല്ലാവരും നിയമം പാലിക്കണമെന്ന് ആർക്കും നിർബന്ധിക്കാൻ കഴിയില്ലെന്ന് മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. സ്ത്രീകൾ എഴുത്ത് പഠിക്കേണ്ടതില്ലെന്ന് സമസ്ത പണ്ട് ഒരു പ്രമേയം പാസാക്കിയിരുന്നുവെന്നും അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് അത് സമസ്തയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘അത് സമസ്തയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. അക്കാലത്ത് ഹിന്ദു, ക്രിസ്ത്യൻ സമൂഹങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. മലയാളത്തിൽ ഇത്തരമൊരു അക്ഷരമാല പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ കേരളത്തിലെ മുസ്‌ലിങ്ങൾ ഒരു അക്ഷരമാല വികസിപ്പിച്ചെടുത്തിരുന്നു. അറബി മലയാളം അക്ഷരമാല ഉപയോഗിച്ചാണ് അവർ മലയാളം എഴുതിയത്. ബ്രിട്ടീഷ് ലൈബ്രറിയിൽ അറബി മലയാളത്തിൽ എഴുതിയ ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. 12 വാല്യങ്ങളിലായി ഏകദേശം 6,000 പേജുകളുള്ള സസ്യശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളുണ്ട്. നന്നായി പഠിച്ച സ്ത്രീകളും അക്കാലത്ത് അവിടെ ഉണ്ടായിരുന്നു,’ അസ്ഹരി പറഞ്ഞു.

ഒപ്പം മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് തടസമായി നിന്നത് മുജാഹിദുകളാണെന്നും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത് ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമും കുടുംബവുമാണെന്നും അദ്ദേഹം പറഞ്ഞു. ‘സമസ്തയാണ് ഈ ശ്രമങ്ങൾ മുന്നോട്ട് നയിച്ചത്. 300 ലധികം സ്കൂളുകളും നിരവധി കോളേജുകളും നമുക്കുണ്ട്. ഇപ്പോൾ, നോളജ് സിറ്റിയും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. തൗഹീദിനെയും ശിർക്കിനെയും കുറിച്ച് മാത്രമേ അവർ വിഷമിക്കേണ്ടതുള്ളൂ എന്ന് മുജാഹിദുകൾ പറഞ്ഞു. സുന്നി സ്ത്രീകൾക്ക് അവരുടെ വീടുകളിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. എന്നാൽ സ്ത്രീകൾ വീട്ടിൽ പഠിക്കുന്നതിനുപകരം പള്ളികളിൽ പോകണമെന്ന് മുജാഹിദുകൾ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ഷിംല യാത്ര നടത്തിയതിന് മുസ്‌ലിം സ്ത്രീയെ ഒരു മുസ്‌ലിം പുരോഹിതൻ വിമർശിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇസ്‌ലാമിൽ സ്ത്രീകൾക്ക് യാത്രാവിലക്കില്ലെന്നും എന്നാൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന നിലപാട് ഇസ്‌ലാമിന്റെ മാത്രമല്ലെന്നും ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ എ.എം.എം.എ പോലും വനിതാ അഭിനേതാക്കൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് അത്തരം നയങ്ങൾ ഉണ്ടാകുമെന്നും അതുപോലെ ഇസ്‌ലാമിനും ഒരു നയമുണ്ടെന്നും ആ നയം പറയുന്നത് സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേർച്ചകൾ ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാംശീകരണമാണെന്ന് പറഞ്ഞ ഹക്കീം അസ്ഹരി ലീഗ് മന്ത്രിമാർ പരമ്പരാഗത വിളക്ക് കത്തിക്കാൻ വിമുഖത കാണിച്ചത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മുസ്‌ലിങ്ങൾ ഒരിക്കലും മറ്റ് മതങ്ങളുടെ ആചാരങ്ങൾ അംഗീകരിക്കില്ലെന്ന ഉത്തരമായിരുന്നു നൽകിയത്. കൂടാതെ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാർ വിളക്ക് കൊളുത്തുന്നതും അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിങ്ങൾ എപ്പോഴും അവർ വ്യാപിച്ചുകിടക്കുന്ന ദേശത്തിന്റെ സംസ്കാരം പിന്തുടരുന്നു. എന്നാൽ മുസ്‌ലിങ്ങൾ ഒരിക്കലും മറ്റ് മതങ്ങളുടെ ആചാരങ്ങൾ അംഗീകരിക്കില്ല, മറ്റുള്ളവരോട് മുസ്‌ലിം ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെടുകയുമില്ല. സാംസ്കാരിക പരിപാടികളിൽ ഇടപഴകൽ സാധ്യമാണ്. പരമ്പരാഗത വിളക്ക് കൊളുത്തൽ ഒരു ഹിന്ദു ആചാരമാണ്, അത് ശിവനും പാർവതിയുമായി ബന്ധപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാർ വിളക്ക് കൊളുത്തുന്നതും അനുചിതമാണ്,’ ഹക്കീം അസ്ഹരി പറഞ്ഞു.

Content Highlight: If women are entrusted with governance and public affairs, how will they have children? Births, pregnancies and population will decrease: Hakeem Azhari

We use cookies to give you the best possible experience. Learn more