| Tuesday, 27th January 2026, 7:49 pm

'വി.എസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനെ' തീരുമാനം കുടുംബത്തിന്റേത്: എം.എ. ബേബി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാന്ദന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ പ്രതികരിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. വി.എസ്. അച്യുതാനന്ദന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കില്‍ പുരസ്‌കാരം നിരസിച്ചേനെയെന്ന് എം.എ. ബേബി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്റെ സംഭാവന എത്രമാത്രം മൂല്യവത്തായതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും എം.എ. ബേബി പറഞ്ഞു.

ഒരു സര്‍ക്കാര്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചാല്‍ ആ സര്‍ക്കാരിനെ കുറ്റപ്പെടുത്താനൊന്നും തങ്ങള്‍ തയ്യാറല്ല. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുകളും സി.പി.ഐ.എമ്മിലെ നേതാക്കളെ പത്മ പോലുള്ളതും അതിനേക്കാള്‍ വലുതുമായ പുരസ്‌കാരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ഇ.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബാസു, ഹരികിഷന്‍ സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ പത്മ പുരസ്‌കാരങ്ങള്‍ നിരസിച്ചിരുന്നു.

അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ സന്തോഷമുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുള്ള പുരസ്‌കാരം തങ്ങള്‍ നിരസിക്കുകയാണെന്നും അവാര്‍ഡിന് വേണ്ടിയല്ല പൊതുപ്രവര്‍ത്തനം നടത്തുന്നതെന്നും ഇവര്‍ നാല് പേരും വ്യക്തമാക്കിയിരുന്നു.

നാല് പേരും വിനയപൂര്‍വമാണ് പുരസ്‌കാരം നിരസിച്ചതെന്നും എം.എ. ബേബി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമായി ഡോ. എം.ബി. പരമേശ്വരനും പത്മ അവാര്‍ഡ് നിരസിച്ചിട്ടുണ്ട്. നിലവില്‍ വി.എസിന്റെ വിഷയത്തില്‍ അദ്ദേഹത്തിന്റെ കുടുംബമാണ് നിലപാടെടുക്കേണ്ടതെന്നും എം.എ. ബേബി വ്യക്തമാക്കി.

വി.എസിനെ അംഗീകരിച്ചതില്‍ പാര്‍ട്ടി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങണോയെന്ന് കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം. ലീലാവതി, കലാമണ്ഡലം ഗോപി, ടി. പത്മനാഭന്‍ തുടങ്ങിയവരെ അവാര്‍ഡ് നിര്‍ണയ സമിതി എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും എം.എ. ബേബി ചോദിച്ചു.

കേരളത്തില്‍ നിന്ന് വി.എസിന് പുറമെ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. മരണാന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍ നല്‍കുന്നത്.

Content Highlight: ‘If VS Achuthanandan had lived, he would have refused the Padma Vibhushan’ The decision is up to the family: M.A. Baby

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more