| Sunday, 4th May 2025, 9:32 am

മെയ് ഒമ്പതിന് ഉക്രൈന്‍ മോസ്‌കോയെ ആക്രമിച്ചാല്‍ തൊട്ടടുത്ത ദിവസം കീവിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല: റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: രണ്ടാം ലോകമഹായുദ്ധ വിജയാഘോഷമായ മെയ് ഒമ്പതിന് ഉക്രൈന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ആക്രമിച്ചാല്‍ മെയ് പത്തിന്  ഉക്രൈന്‍ തലസ്ഥാനമായ കീവ് അവിടെ തന്നെയുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് റഷ്യ. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായ ദിമിത്രി മെദ്‌വദേവ്‌ ആണ്‌ ഭീഷണി മുഴക്കിയത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും വിജയം നേടിയ 80ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

മെയ് എട്ട്, മെയ് ഒമ്പത് തീയതികളില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റഷ്യ അറിയിച്ചത്. മെയ് ഒമ്പത്, പത്ത് തീയതികളില്‍ നാസി ജര്‍മനിക്കെതിരായ വിജയത്തിന്റെ സ്മരണയ്ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കള്‍ റഷ്യയില്‍ എത്തുന്നുണ്ട്.

ഉക്രൈനില്‍ 72 മണിക്കൂറിലേക്കാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മെയ് എട്ട് അര്‍ധരാത്രി മുതല്‍ മെയ് 10 അര്‍ധരാത്രി വരെ റഷ്യന്‍ സൈന്യം പോരാട്ടം നിര്‍ത്തിവെക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ താത്കാലിക വെടിനിര്‍ത്തലില്‍ ഉക്രൈന്‍ പങ്കുചേരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും രീതിയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ഉക്രൈനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റഷ്യ അറിയിച്ചിരുന്നു.

എന്നാല്‍ മൂന്ന് ദിവസത്തിന് പകരം 30 ദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ താന്‍ അതിന് തയ്യാറാണെന്നാണ് ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലെന്‍സ്‌കി ഇതിനോട് പ്രതികരിച്ചത്. ഹ്രസ്വമായ ഇടവേളകളല്ല, ദീര്‍ഘകാല ഒത്തുതീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുടിന്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു.

കൂടാതെ റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, മെയ് ഒമ്പതിന് മോസ്‌കോയിലെത്തിയ വിദേശ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉക്രൈനിന് കഴിയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയെ വാക്കാലുള്ള പ്രകോപനം എന്ന് വിശേഷിപ്പിച്ച മെദ്‌വദേവ് റഷ്യക്കെതിരെ ആക്രമണമുണ്ടായാല്‍ കീവിനെ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയായുരുന്നു.

‘വിജയ ദിനത്തില്‍ പ്രകോപനം ഉണ്ടായാല്‍, മെയ് പത്ത് വരെ കീവ് ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി മനസ്സിലാക്കണം,’ മെദ്‌വദേവ് തന്റെ ടെലിഗ്രാം ചാനലിലൂടെ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധ ചരിത്രത്തിലെ പ്രധാനപ്പെട്ട തീയതിയാണ് മെയ് ഒമ്പത്. സോവിയറ്റ് യൂണിയനും ഏതാനും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും ‘നാസിസത്തിനെതിരായ വിജയദിനം’ എന്ന നിലയിലാണ് മെയ് ഒമ്പതിനെ കണക്കാക്കുന്നത്.

ജര്‍മന്‍ സൈന്യം ബെര്‍ലിനില്‍ കീഴടങ്ങിയ ദിവസം കൂടിയാണിത്. മറ്റു പല രാജ്യങ്ങളും മെയ് എട്ടിനാണ് നാസിസത്തിനെതിരായ വിജയദിനം ആഘോഷിക്കുന്നത്. സമയവ്യത്യാസം കാരണമാണ് മെയ് ഒമ്പത് ‘വിജയദിന’മായി സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Content Highlight:  If Ukraine attacks Russia on May 9, no one will be able to save Kiev the next day: Russia

We use cookies to give you the best possible experience. Learn more