തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്ന തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന്റെ നിലപാടില്‍ മറുപടിയുമായി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ഇത് സംബന്ധിച്ച് മേയറോ കോര്‍പ്പറേഷനോ കത്ത് നല്‍കിയിട്ടില്ലെന്നും, ആവശ്യപ്പെട്ടാല്‍ 113 ബസുകളും ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് നല്‍കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ബസുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയതാണെന്ന് പൂര്‍ണമായും പറയാനാകില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഷെയര്‍ 500 കോടി രൂപയാണ്, 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പണവും സംസ്ഥാന സര്‍ക്കാറിന്റെ ഷെയറും സംസ്ഥാന ഖജനാവില്‍ നിന്നുതന്നെയാണ് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘മേയര്‍ എന്നോട് സംസാരിക്കുകയോ ഞങ്ങള്‍ക്ക് കത്ത് തരികയോ ചെയ്തിട്ടില്ല. ഈ ബസുകള്‍ ഞങ്ങള്‍ക്ക് വേണമെന്ന് അദ്ദേഹം എഴുതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ 113 ബസുകളും തിരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കോര്‍പ്പറേഷന് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടുപോയി ഇടാം, ഞങ്ങളുടെ ഡിപ്പോയില്‍ ഇടാനൊക്കില്ല. പകരം ഞങ്ങള്‍ 150 വണ്ടികള്‍ കൊണ്ടുവരും,’ അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ളവര്‍ക്കും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. നെടുമങ്ങാടുള്ളവരെയും പോത്തന്‍കോടുള്ളവരെയും ആറ്റിങ്ങലുള്ളവരെയും നെയ്യാറ്റിന്‍കരയില്‍ താമസിക്കുന്നവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ പറ്റില്ലെന്നോ വണ്ടിയില്‍ കയറ്റില്ലെന്നോ പറയാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും തങ്ങള്‍ ഒരു കാരണവശാലും അത് പറയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബസുകളുടെ റൂട്ട് സംബന്ധിച്ച് എഗ്രിമെന്റ് മേയര്‍ പഠിക്കണമെന്നും അതിന് ശേഷം മാത്രം മറുപടി പറയണമെന്നും, എന്നിട്ടും തൃപ്തിയായില്ലെങ്കില്‍ സന്തോഷത്തോട് കൂടി വണ്ടി കെ.എസ്.ആര്‍.ടി.സി തിരിച്ചുകൊടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഡ്രൈവര്‍ ഞങ്ങളുടേതാണ്, കണ്ടക്ടര്‍ ഞങ്ങളുടേതാണ്, ടിക്കറ്റിങ് മെഷീന്‍ ഞങ്ങളുടേതാണ്, വര്‍ക്ക്‌ഷോപ്പുകള്‍ ഞങ്ങളുടേതാണ്, ഞങ്ങള്‍ വേറെ വണ്ടിയിറക്കും,’
കോര്‍പ്പറേഷന് ഇത് ഒറ്റയ്ക്ക് നടത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ആരുടെയും കഴിവിനെ തങ്ങള്‍ കുറച്ചുകാണുന്നില്ലെന്നും അവര്‍ക്ക് സാധിക്കുമെങ്കില്‍ നടത്താമെന്നുമായിരുന്നു മറുപടി.
നിലവിലെ സാഹചര്യം തന്നെ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, മേയറെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം കാര്യം മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Content Highlight: If Trivandrum Mayor asks, we will return all 113 buses, in return we will supply 150 buses: Ganesh Kumar