| Monday, 14th April 2025, 5:30 pm

മുസ്‌ലിങ്ങളെ പിന്തുണക്കുന്നുവെങ്കില്‍ ഒരു മുസ്‌ലിം നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കട്ടെ: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: മുസ്‌ലിം സമുദായത്തിന് പിന്തുണയുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് ഇന്നുവരെ ഒരു മുസ്‌ലിം നേതാവിനെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

‘മുസ്‌ലിം സമുദായത്തെ കോണ്‍ഗ്രസ് ഇത്ര ആദരവോടെ കാണുന്നുവെങ്കില്‍ ആ സമുദായത്തില്‍ നിന്ന് തന്നെ ഒരാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കുക. തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് 50 ശതമാനം സീറ്റും കൊടുക്കുക,’ മോദി പറഞ്ഞു.

ഡോ. ബി.ആര്‍. അംബേദ്കറുടെ 135ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് മതേതരത്വത്തെ മറച്ച് മുസ്‌ലിങ്ങളെ മാത്രം തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.  സമൂഹത്തിലെ ഭൂരിപക്ഷ ജനതയും ദുരിതമനുഭവിക്കുന്നവരും വിദ്യാഭ്യാസമില്ലാത്തവരും ദരിദ്രരുമായി തുടരുന്നതുമെല്ലാം കോണ്‍ഗ്രസിന്റെ ദുഷ്ട നയമാണെന്നും ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഭേദഗതി ചെയ്ത വഖഫ് നിയമത്തോടുള്ള അവരുടെ എതിര്‍പ്പെന്നും മോദി കുറ്റപ്പെടുത്തി.

കൂടാതെ ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം, ഇന്ത്യയിലെവിടെയും ആദിവാസി സമൂഹങ്ങളുടെ ഭൂമിയിലോ സ്വത്തിലോ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് ഇനി അധികാരമില്ലെന്നും ഈ നിയമം മുസ്‌ലിം സ്ത്രീകള്‍കളുടെയും പസ്മന്ദ കുടുംബങ്ങളുടെയും അവകാശങ്ങളെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Content Highlight: If they support Muslims, let a Muslim leader be made Congress president: PM

We use cookies to give you the best possible experience. Learn more