| Sunday, 23rd November 2025, 4:29 pm

നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഒന്നിനും ഇന്ത്യയെ തളര്‍ത്താന്‍ കഴിയില്ലെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

മുംബൈ താജ് ഹോട്ടല്‍ ഭീകരാക്രമണം, ജമ്മുവിലെ പഹല്‍ഗാം ഭീകരാക്രമണം, ദല്‍ഹി ചെങ്കോട്ട സ്‌ഫോടനം എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഷാരൂഖിന്റെ പരാമര്‍ശം.

രാജ്യത്തെ നടുക്കിയ ഈ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഷാരൂഖ് ഖാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ‘ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025’ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുക. എത്രത്തോളം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിച്ചുകൊണ്ട് പറയുക. ഭയം തോന്നാറില്ലേ എന്നാണ് ചോദ്യമെങ്കില്‍, തങ്ങളെ ആക്രമിക്കുന്നവര്‍ക്കാണ് ഭയം തോന്നാറുള്ളതെന്നും പറയുക,’ ഷാരൂഖിന്റെ വാക്കുകള്‍.

സമാധാനത്തിനായി നമുക്കൊരുമിച്ച് ചുവടുകള്‍ വെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ധീരരായ സൈനികര്‍ക്കും ജവാന്മാര്‍ക്കും വേണ്ടി ‘മനോഹരമായ നാല് വരികള്‍’ ചൊല്ലാമെന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് തന്റെ പ്രസംഗം ആരംഭിച്ചത്.

രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച പൗരന്മാരുടെ രക്തസാക്ഷിത്വം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതിനായി നമുക്ക് ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാമെന്നും ഷാരൂഖ് ഖാന്‍ ആഹ്വാനം ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഷാരൂഖിന്റെ പരാമര്‍ശം.

നിലവില്‍ ഷാരൂഖിന്റെ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025’ പോലുള്ള ഒരു വേദിയില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ ഷാരൂഖിനേക്കാള്‍ മികച്ചൊരു വ്യക്തി വേറെയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസം നടി ഐശ്വര്യ റായിയുടെയും പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ‘ഇവിടെ മനുഷ്യത്വമെന്ന ജാതിയും സ്നേഹമെന്ന മതവും മാത്രമേയുള്ളു’ എന്ന പരാമര്‍ശമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ഐശ്വര്യയുടെ പരാമര്‍ശം.

Content Highlight: If there is peace among us, nothing can weaken India; Shah Rukh Khan’s words go viral

We use cookies to give you the best possible experience. Learn more