ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒളിച്ചോട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കില്ലെന്നും സത്യം പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്.
ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും മഹാരാഷ്ട്രയിലെ പോളിങ് ബൂത്തുകളില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷമുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇന്നലെ (ശനിയാഴ്ച) മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളുള്ള ഒരു മാതൃക ഉപയോഗിച്ച് ബി.ജെ.പി അട്ടിമറിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കല്‍, വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുക, വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുക, ബി.ജെ.പി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് ലക്ഷ്യമിടുക, തെളിവുകള്‍ മറയ്ക്കുക തുടങ്ങിയ അഞ്ച് ഘട്ടങ്ങള്‍ ബി.ജെ.പി നടപ്പിലാക്കിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിലുള്‍പ്പെടെ കൃത്രിമത്വം കാട്ടിയെന്നും വിജയം ലക്ഷ്യമിട്ട് ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും രാഹുല്‍ പറയുന്നു.
ഇതിനുപിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്.
ആരോപണങ്ങളില്‍ ഇതിനുമുമ്പും വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം അവഗണിക്കപ്പെടുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണം അസംബന്ധമാണ്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയത്നിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പിലൂടെ മറുപടി നല്‍കുന്നത് വിശ്വാസ്യത സംരക്ഷിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Content Highlight: If there is nothing to hide, then release CCTV footage of Maharashtra polling booths: Rahul Gandhi to Election Commission